തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ക്ഷേത്രവും സമീപത്തെ തൊഴിലാളി ലയങ്ങളും വ്യാപകമായി തകര്‍ന്നു. അതിരപ്പിള്ളി എസ്റ്റേറ്റ് 17-ാം ബ്ലോക്കിലെ ശിവക്ഷേത്രത്തിനും തൊട്ടടുത്തുള്ള ലയങ്ങള്‍ക്കുമാണ് ആക്രമണം ഉണ്ടായത്.ആക്രമണത്തില്‍ ക്ഷേത്രത്തിന്റെ ജനലുകളും വാതിലുകളും പൂര്‍ണമായും തകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ലയങ്ങള്‍ക്കും ഗുരുതരമായ കേടുപാടുകളുണ്ട്. തുടര്‍ച്ചയായ കാട്ടാന ശല്യം കാരണം പ്രദേശത്തെ ഏകദേശം 60ഓളം കുടുംബങ്ങള്‍ ഇതിനോടകം തന്നെ വീടുകള്‍ വിട്ടൊഴിഞ്ഞിട്ടുണ്ട്.
ആനപ്പേടിയെ തുടര്‍ന്ന് ലയങ്ങളില്‍ താമസിച്ചിരുന്ന തൊഴിലാളികള്‍ രാത്രികാലങ്ങളില്‍ വെറ്റിലപ്പാറ ഭാഗങ്ങളില്‍ വാടകയ്ക്ക് താമസിക്കേണ്ട അവസ്ഥയിലാണ്. രാത്രി സമയങ്ങളില്‍ ഈ മേഖലയില്‍ യാത്ര ചെയ്യുന്നത് അതീവ അപകടകരമാണെന്നും ഏതുനിമിഷവും കാട്ടാനകള്‍ മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. സ്ഥിരമായ റാപിഡ് റെസ്‌പോണ്‍സ് ടീം (RRT) സംവിധാനം ഏര്‍പ്പെടുത്തണമെന്നും, വൈദ്യുത വേലികള്‍ ഉള്‍പ്പെടെയുള്ള വന്യജീവി നിയന്ത്രണ സുരക്ഷാ മാര്‍ഗങ്ങള്‍ അടിയന്തരമായി ശക്തിപ്പെടുത്തണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.