തൃശൂര്‍: തന്റെ ജീവന്‍ നല്‍കേണ്ടി വന്നാലും ഉത്തരവാദിത്വങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് കഠ്‌വ പെണ്‍കുട്ടിയുടെ അഭിഭാഷക ദീപിക സിങ് രജാവത്. എനിക്കും എന്റെ കുടുംബത്തിനുമെതിരെ വന്‍ ഭീഷണികളും സൈബര്‍ ആക്രമണങ്ങളുമാണ് നടക്കുന്നത്. എന്നാല്‍ ഇതിലൊന്നും താന്‍ പേടിക്കില്ലെന്നും ദീപിക വ്യക്തമാക്കി. തൃപ്രയാറില്‍ കഴിമ്പ്രം ഡിവിഷന്‍ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച സല്യൂട്ട് സക്‌സസ്-2018 പുരസ്‌കാര വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

തനിക്ക് കഠ്‌വയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പ്രായത്തിലുള്ള മകളുണ്ട്. അത് തന്റെ ഉറക്കം കെടുത്തിയിരുന്നു. അതായിരിക്കണം ഉത്തരവാദിത്വബോധത്തോടെ ധര്‍മ്മത്തിന്റെ പാതയില്‍ നേരിന് വേണ്ടി മരിക്കാന്‍ ഭയമില്ലാതെ പ്രവര്‍ത്തിക്കാനായത്. ജമ്മു കശ്മീരില്‍ തനിക്ക് പൂമാലകളെക്കാള്‍ ചെരിപ്പേറുകളും കല്ലേറുകളുമാണ് ലഭിച്ചത്. എന്നാല്‍ ഈ നാട്ടിലെ സ്‌നേഹം എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. കേരളം വലിയ പ്രതീക്ഷയാണ് രാജ്യത്തിന് നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. വി.ടി ബല്‍റാം എം.എല്‍.എ ദീപികാ സിങ്ങിന് യൂത്ത് ഐക്കണ്‍ പുരസ്‌കാരം സമ്മാനിച്ചു.

കഠ്‌വ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കാന്‍ ആദ്യഘട്ടം മുതല്‍ ശക്തമായി ഇടപെട്ട വ്യക്തിയാണ് ദീപികാ സിങ്. ജമ്മുകശ്മീര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഭൂപീന്ദര്‍ സിങ് സലാതിയ അടക്കമുള്ളവര്‍ ദീപിക സിങ്ങിനെതിരെ ഭീഷണിയുമായി രംഗത്ത് വന്നിരുന്നു. കേസില്‍ ഹാജരാവരുതെന്നും ഹാജരായാല്‍ എങ്ങനെ നേരിടണമെന്ന് തങ്ങള്‍ക്ക് അറിയാമെന്നുമായിരുന്നു ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ദീപികയോട് പറഞ്ഞത്. ഇതിനെതിരെ ശക്തമായി പ്രതികരിച്ച ദീപിക ജമ്മു കശ്മീര്‍ ഹൈക്കോടതിയിലും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും പരാതി നല്‍കുകയും കേസില്‍ ഹാജരാകാന്‍ തനിക്ക് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.