ജമ്മു: ജമ്മുകാശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. രണ്ടുപേരുടെ വിധിന്യായം കോടതി വായിക്കുകയാണ്. രാജ്യം ഉറ്റു നോക്കുന്ന കേസിലെ രഹസ്യവിചാരണ ജൂണ്‍ മൂന്നിന് അവസാനിച്ചിരുന്നു. പത്താന്‍കോട്ടെ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. ഇവിടെ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കി.

എട്ട് പ്രതികളില്‍ ഏഴ് പേര്‍ക്കെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും ആണ് കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാവാത്ത ആളാണ്. രാജ്യമാകെ പ്രതിഷേധം അലയടിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാന്‍ സാധ്യതയുണ്ട്. 2018 ജനുവരിയിലാണ് എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്.