കൊച്ചി: യുവനടിയെ കാറില്‍ ആക്രമിച്ച സംഭവത്തില്‍ നടി കാവ്യമാധവനെയും അമ്മ ശ്യാമളയെയും ചോദ്യം ചെയ്യും. സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച് ഇരുവര്‍ക്കും അറിവുണ്ടായിരുന്നോ എന്നതു സംബന്ധിച്ച് കണ്ടെത്താനാണ് ചോദ്യം ചെയ്യല്‍. നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ വ്യാപാരസ്ഥാപനമായ ലക്ഷ്യയില്‍ ഏല്‍പിച്ചതായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇവിടെ പരിശോധന നടത്തിയെങ്കിലും മെമ്മറി കാര്‍ഡ് കണ്ടെത്താനായിട്ടില്ല. കടയിലെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടതിലും പൊലീസ് വിശദീകരണം തേടും. ‘മാഡം’ നല്‍കിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ചതെന്നാണ് മുഖ്യപ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നത്. ഇത് കാവ്യയോ അമ്മയോ ആണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.