കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനകേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിന്റെ ഭാര്യ കാവ്യമാധവനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ നടത്തിയ ചോദ്യംചെയ്യലില്‍ കാവ്യ നല്‍കിയ മറുപടിയില്‍ അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ചോദ്യംചെയ്യലിന് വിധേയമാക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നാണ് കാവ്യാമാധവന്‍ പൊലീസിന് മൊഴി നല്‍കിയത്. പള്‍സര്‍ സുനി തന്റെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയിരുന്നോ എന്ന കാര്യവും തനിക്ക് അറിയില്ലെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചത്. പള്‍സര്‍ സുനിയെ നേരത്തെ അറിയാമായിരുന്നോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ കാവ്യ തയാറായില്ല. ലക്ഷ്യയില്‍ സുനി വന്നിരുന്നോ എന്ന് അറിയില്ല. ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നോ എന്ന കാര്യവും തനിക്കറിയില്ലെന്ന മറുപടിയാണ് കാവ്യ നല്‍കിയത്. ക്വട്ടേഷന്‍ പീഡനത്തെക്കുറിച്ചും തനിക്ക് അറിവില്ല. മഞ്ജുവാര്യരുമായി ദിലീപിന്റെ വിവാഹമോചനത്തിലേക്കെത്തിയ കാര്യങ്ങള്‍ സംബന്ധിച്ചും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചെങ്കിലും കാവ്യയില്‍ നിന്ന് കൃത്യമായ മറുപടി ലഭിച്ചില്ല. ഉദ്യോഗസ്ഥരുടെ പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ കാവ്യ വിസമ്മതിച്ചതിനാലാണ് വീണ്ടും ചോദ്യം ചെയ്യലിന് അന്വേഷണസംഘം തയാറെടുക്കുന്നത്.
ഇന്നലെ രാവിലെ 11 മണി മുതല്‍ അഞ്ചു മണി വരെ ദിലീപിന്റെ ആലുവയലിലെ തറവാട്ടു വീട്ടില്‍ വെച്ചാണ് അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തത്. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.