india

കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 25 വരെ നീട്ടി

By webdesk13

July 12, 2024

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഈ മാസം 25 വരെയാണ് കസ്റ്റഡി നീട്ടിയത്. സിബിഐ എടുത്ത കേസിൽ ഡൽഹി റൗസ് അവന്യു കോടതിയുടേതാണ് നടപടി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട സിബിഐയുടെ ചോദ്യംചെയ്യൽ തുടരുന്നതിനാൽ കെജ്‌രിവാൾ ജയിലിൽ തന്നെ തുടരും.

ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത് കെ‍ജ്‍രിവാൾ നൽകിയ ഹരജിയിൽ സുപ്രിംകോടതി ഇന്ന് ഇടക്കാല ജാമ്യം അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കെ‍ജ്‍രിവാള്‍ നല്‍കിയ ഹരജിയില്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയുമാണു വിധിപറഞ്ഞത്. അറസ്റ്റിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന് പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ 19ലെ വ്യവസ്ഥകള്‍ക്ക് വിധേയമാണോ എന്ന് പരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കെ‍ജ്‍രിവാള്‍ 90 ദിവസം ജയില്‍വാസം അനുഭവിച്ചുകഴിഞ്ഞെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചൂണ്ടിക്കാട്ടി. അറസ്റ്റ് നിയമവിരുദ്ധമാണോ എന്ന കാര്യത്തില്‍ വിശാല ബെഞ്ച് വിധി പറയും. കേസിലെ നിയമവിഷയങ്ങള്‍ മൂന്നംഗ ബെഞ്ചിന് വിട്ടിരിക്കുകയാണ്.