kerala

കെനിയ വാഹനാപകടം; മരിച്ച അഞ്ചുപേരുടെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു

By webdesk14

June 15, 2025

കൊച്ചി: കെനിയയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച അഞ്ച് പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകി. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ എത്തിച്ചത്. തിരുവല്ല സ്വദേശിനി ഗീത ഷോജി(58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്) എന്നിവരുടെ മൃതദേഹങ്ങളാണ് കേരളത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

മൂവാറ്റുപുഴ സ്വദേശിനി ജസ്നയുടെ സംസ്കാരം ഇന്ന് നടത്തും. ഇവർക്കൊപ്പം അപകടത്തിൽ പരിക്കേറ്റവരെ കൊച്ചിയിൽ എത്തിച്ച ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കെനിയയില്‍ അവധി ആഘോഷിക്കുന്നതിനായി ഖത്തറില്‍ നിന്നുള്ള പ്രവാസി സംഘം ബലിപെരുന്നാള്‍ ദിനമായ ജൂണ്‍ ആറിനാണ് യാത്ര തിരിച്ചത്. കേരളത്തിന് പുറമേ തമിഴ്‌നാട്, ഗോവ, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.

ഖത്തറിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സിയുടെ പാക്കേജ് മുഖേനയായിരുന്നു ഇവരുടെ യാത്ര. രണ്ട് ടൂറിസ്റ്റ് ഗൈഡുമാരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. കെനിയയിലെ പ്രശസ്തമായ വന്യജീവി സഞ്ചാര കേന്ദ്രമായ മസായ്മാര സന്ദര്‍ശിച്ച ശേഷം ന്യാഹുരുവിലെ വെള്ളച്ചാട്ടം കാണുന്നതിനായി പോകുന്നതിനിടെ ജൂണ്‍ ഒന്‍പതിന് പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയായിരുന്നു സംഘം അപകടത്തില്‍പ്പെട്ടത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബസ് പത്ത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.