kerala

കെനിയയിലെ വാഹനാപകടം : അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

By webdesk14

June 14, 2025

തിരുവനന്തപുരം: കെനിയയിലെ ന്യാഹുരുരുവിലുണ്ടായ ബസ് അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഞായറാഴ്ച കേരളത്തില്‍ എത്തിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിക്കുക. ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ഞായറാഴ്ച രാവിലെ 8.45 ന് മൃതദേഹങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന നിലയിലാണ് ക്രമീകരണങ്ങള്‍. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മൃതദേഹങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് അധികൃത‍ർ ഏറ്റുവാങ്ങും.

കെനിയയിൽ നിന്നു ഖത്തറിലേക്കു വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂർ മുൻപ് മാത്രമാണ് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് അനിവശ്യമാണെന്ന് ട്രാവൽ ഏജൻസി അധികൃതർ വ്യക്തമാക്കിയത്. ഇതോടെ ഭൗതിക ശരീരങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകുമെന്ന ആശങ്ക ഉയർന്നു. കെനിയയിലെ ലോക കേരള സഭാംഗങ്ങൾ അടിയന്തിര ഇടപെടൽ തേടി നോർക്ക റൂട്ട്സിനെ വിവരം അറിയിച്ചു.

ജൂണ്‍ ഒന്‍പതിന് ഇന്ത്യന്‍ സമയം വൈകിട്ട് എഴു മണിയോടെയാണ് വിനോദസഞ്ചാരികളായി കെനിയയില്‍ എത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് താഴ്ചയിലേയ്ക്ക് കീഴ്‌മേല്‍ മറിയുകയായിരുന്നു. ഖത്തറില്‍ നിന്നുമാണ് സംഘം വിനോദസഞ്ചാരികളായി കെനിയയില്‍ എത്തിയത്. നെയ്‌റോബിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന ന്യാഹുരുരു.