തിരുവനന്തപുരം: ഐഎഫ്എഫ്കെ വേദിയില്‍ പോറ്റിയേ കേറ്റിയേ പാട്ടുപാടി ചാണ്ടി ഉമ്മന്റെ പ്രതിഷേധം. കേന്ദ്രം സിനിമ വിലക്കുമ്പോള്‍ കേരളം പാട്ട് വിലക്കുന്നു, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് തടയിടുന്നതില്‍ കേന്ദ്രവും കേരളവും ഒരുപോലെയാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇഷ്ടമില്ലാത്തത് വിലക്കുന്നതില്‍ കേന്ദ്രവും കേരളവും മുണ്ടും ജാക്കറ്റും പോലെ. പാട്ട് പാടിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ തന്നെയും അറസ്റ്റ് ചെയ്യട്ടെ എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
‘ഇവിടെ ഒരു പാട്ട് പാടാന്‍ സമ്മതിക്കാത്തവര്‍ സിനിമയെക്കുറിച്ച് ദുഃഖിക്കേണ്ട കാര്യമുണ്ടോ? ഒരു പാട്ടിനെതിരെ വ്യാപകമായി കേസെടുക്കുന്നു, അത് പിന്‍വലിക്കണമെന്ന് പറയുന്നു. ആ പാട്ടുപാടാന്‍ അനുവദിക്കാത്തവര്‍ സിനിമയെക്കുറിച്ച് ദുഃഖിക്കേണ്ട കാര്യമുണ്ടോ? കേന്ദ്രം സിനിമ വിലക്കുമ്പോള്‍ കേരളം പാട്ട് വിലക്കുന്നു. പലസ്തീന്‍ രാഷ്ട്രീയം പറയുന്ന ചിത്രങ്ങള്‍ കേന്ദ്രം വിലക്കിയപ്പോള്‍ കേരള രാഷ്ട്രീയം പറയുന്ന പാട്ടാണ് കേരളം വിലക്കിയത്. കൊച്ചുകുട്ടി മുതല്‍ ഈ പാട്ട് പാടുന്നുണ്ട്. എല്ലാവര്‍ക്കുമെതിരെ കേസെടുക്കാനാണെങ്കില്‍ ഇവിടുത്തെ ജയിലുകള്‍ പോരാതെ വരും’: ചാണ്ടി ഉമ്മന്‍ പറഞ്ഞു.