അര്‍ജന്റൈന്‍ മധ്യനിര താരം ഫാക്കുണ്ടോ പെരേര കേരള ബ്ലാസ്റ്റേഴ്‌സില്‍. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ പെരേരയെ ഒരു വര്‍ഷത്തെ കരാറിലാണ് ക്ലബ് ടീമില്‍ എത്തിച്ചത്. താരത്തിനും ക്ലബിനും സമ്മതമാണെങ്കില്‍ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാനും ഓപ്ഷനുണ്ട്. 32കാരനായ താരം സൈപ്രസ് ക്ലബ് അപ്പോളോന്‍ ലിമാസോളില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത്. ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ ആദ്യ വിദേശ സൈനിംഗ് ആണ് പെരേര.

അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലുള്ള എസ്തൂഡിയന്‍സിലാണ് ഫാക്കുണ്ടോയുടെ പ്രൊഫഷണല്‍ ഫുട്ബോള്‍ കരിയറിന്റെ തുടക്കം. 2006 മുതല്‍ 2009 വരെ എസ്തൂഡിയന്‍സിന് വേണ്ടി കളിച്ച അദ്ദേഹം പിന്നീട് ചിലിയന്‍ ക്ലബായ പാലസ്തീനോയിലേക്ക് വായ്പാടിസ്ഥാനത്തില്‍ എത്തി. പിന്നീട് നിരവധി യൂറോപ്യന്‍, ലാറ്റിമേരിക്കന്‍ ക്ലബുകള്‍ക്കായി താരം പന്ത് തട്ടി. യൂറോപ്പ ലീഗില്‍ 16 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഫാക്കുണ്ടോ പെരേര ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍, വിംഗര്‍, സെക്കന്‍ഡ് സ്‌ട്രൈക്കര്‍ എന്നീ പൊസിഷനുകളില്‍ താരം കളിച്ചിട്ടുണ്ട്. ഗ്രീസ് ക്ലബ് പാവോക്കിന് വേണ്ടിയാണ് ഫാക്കുണ്ടോ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. 2014-15 സീസണില്‍ പാവോക്കിനായി ബൂട്ടു കെട്ടിയ താരം 30 മത്സരങ്ങളില്‍ നിന്ന് 1 ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു. ഒടുവില്‍ സൈപ്രസ് ക്ലബ് അപ്പോളോന്‍ ലിമാസോളിന് വേണ്ടിയാണ് ഫാക്കുണ്ടോ ബൂട്ടണിഞ്ഞത്. അവിടെ രണ്ട് സീസണുകളിലായി 39 മത്സങ്ങള്‍ കളിച്ച താരം 21 ഗോളുകളും നേടിയിട്ടുണ്ട്. ആകെ 167 മത്സരങ്ങള്‍ കളിച്ച താരം 55 ഗോളുകളാണ് നേടിയിട്ടുള്ളത്. ലിമാസോളില്‍ മുന്‍ ചെന്നൈയിന്‍ താരം ആന്ദ്രേ ഷെമ്പ്രിയുടെ സഹതാരമായിരുന്നു ഫാക്കുണ്ടോ.