കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വിട്ടേക്കുമെന്ന് വന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശക്തമായ മറുപടിയുമായി ക്ലബ് സിഇഒ അഭിക് ചാറ്റര്‍ജി രംഗത്തെത്തി. ”ഹോം ഗ്രൗണ്ട് മാറ്റാനുള്ള ആലോചനകളൊന്നുമില്ല. അത്തരം വാര്‍ത്തകള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണ്,” അഭിക് ചാറ്റര്‍ജി വ്യക്തമാക്കി.
സ്റ്റേഡിയം ഉടമകളായ ജിസിഡിഎയുമായുള്ള ബന്ധം നല്ലതാണെന്നും, നിലവില്‍ നടക്കുന്ന നവീകരണപ്രവര്‍ത്തനങ്ങള്‍ യാതൊരു തടസവും സൃഷ്ടിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ”ജിസിഡിഎ നവംബറിനകം എല്ലാ ജോലികളും പൂര്‍ത്തിയാക്കുമെന്നുറപ്പു നല്‍കിയിട്ടുണ്ട്. ഐഎസ്എല്‍ സീസണ്‍ പ്രഖ്യാപിച്ചാല്‍ ഉടനെ കരാര്‍ പുതുക്കും,” എന്നും ചാറ്റര്‍ജി കൂട്ടിച്ചേര്‍ത്തു.
അദ്ദേഹം കൂടി വ്യക്തമാക്കി: ”ഓരോ വര്‍ഷവും ഐഎസ്എല്‍ കലണ്ടര്‍ അനുസരിച്ച് കരാര്‍ പുതുക്കാറുണ്ട്. വാടകയും അതനുസരിച്ച് പരിഷ്‌കരിക്കും. ഇപ്പോള്‍ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.”അദ്ദേഹം കൂടി വ്യക്തമാക്കി.
നേരത്തെ ചില മാധ്യമങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടും എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു. അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം മാറ്റിയതിനെ തുടര്‍ന്ന് സ്റ്റേഡിയം നവീകരണം വൈകുമെന്നായിരുന്നു അവയിലെ പ്രധാന വാദം.
എന്നാല്‍ അര്‍ജന്റീന ടീമിന്റെ സന്ദര്‍ശന സ്പോണ്‍സര്‍മാരായ ‘റിപ്പോര്‍ട്ടര്‍ ടി.വി ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്’ എംഡി ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കുന്നത്, ”സ്റ്റേഡിയം നവംബര്‍ 30നകം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തി ജിസിഡിഎക്ക് കൈമാറും” എന്നതാണ്.
നവീകരണപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും, കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ ‘ഹോം ഓഫ് യെല്ലോസ്’ ആയ കൊച്ചിയില്‍ തന്നെയുണ്ടാകും എന്നതാണ് ഇപ്പോഴത്തെ വ്യക്തമായ സന്ദേശം.