kerala

കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികള്‍ വര്‍ധിച്ചത് സാമൂഹികസമ്പര്‍ക്കം മൂലമെന്ന് വിദഗ്ധര്‍

By Test User

February 27, 2021

ഡല്‍ഹി: ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിക്കാനിടയായത് വൈറസിന്റെ പുതിയ വകഭേദം കാരണമല്ലെന്ന് വിദഗ്ധര്‍. കാലക്രമേണ വൈറസിന് ജനിതകവ്യതിയാനം സംഭവിക്കുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ മഹാരാഷ്ട്ര, പഞ്ചാബ്, കേരളം, ഛത്തീസ്ഗഡ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് സമൂഹവ്യാപനത്തിനിടയാക്കുന്ന ഒത്തുചേരലുകള്‍ മൂലമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

അതേസമയം, രോഗികളുടെ എണ്ണത്തില്‍ വീണ്ടുമുണ്ടായ വര്‍ധനവ് കണക്കിലെടുത്ത് നിലവിലുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ തുടരുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സജീവരോഗികളുടേയും പുതിയ രോഗികളുടേയും എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കോവിഡില്‍ നിന്ന് പൂര്‍ണമായും മുക്തമാകുന്നതു വരെ നിരീക്ഷണവും മുന്‍കരുതലും നിയന്ത്രണവും തുടരേണ്ട ആവശ്യമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടാതെ വാക്സിന്‍ വിതരണം ത്വരിതപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കി.