Cricket

കേരള ക്രിക്കറ്റ് ലീഗ്; ആലപ്പി റിപ്പിള്‍സിനെ വീഴ്ത്തി തൃശൂര്‍ ടൈറ്റന്‍സ്

By webdesk17

September 01, 2025

കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെ വീഴ്ത്തി തൃശൂര്‍ ടൈറ്റന്‍സ്. ആലപ്പി റിപ്പിള്‍സിനെതിരെ നാല് വിക്കറ്റിന്റെ വിജയവുമായാണ് തൃശൂര്‍ ടൈറ്റന്‍സ് മുന്നേറിയത്. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിള്‍സ് 20 ഓവറുകളില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂര്‍ അവസാന ഓവറില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. തൃശൂരിന് വേണ്ടി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ സിബിന്‍ ഗിരീഷാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. വിജയത്തോടെ പത്ത് പോയിന്റുമായി ടൈറ്റന്‍സ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.

അഭിഷേക് പി നായര്‍ പ്രതീക്ഷ നല്കിയിരുന്നെങ്കിലും നാലാം ഓവറില്‍ അഭിഷേകിനെയും ജലജ് സക്സേനയെയും വിനോദ് കുമാര്‍ പുറത്താക്കുകയായിരുന്നു. അഭിഷേക് 22ഉം ജലജ് സക്സേന ഒരു റണ്ണും മുഹമ്മദ് കൈഫ് നാല് റണ്‍സുമാണ് നേടിയത്. ശ്രീരൂപ് 24 റണ്‍സും അക്ഷയ് 38 പന്തുകളില്‍ നിന്ന് 49 റണ്‍സും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂരിന് വേണ്ടി അഹമ്മദ് ഇമ്രാനൊപ്പം ഇന്നിങ്സ് തുറന്നത് ടൂര്‍ണ്ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ രോഹിത്താണ്. തുടര്‍ന്നെത്തിയ അക്ഷയ് മനോഹറും ഷോണ്‍ റോജറും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ 43 റണ്‍സ് ഉയര്‍ന്നു. കളി അവസാനത്തോടടുക്കെ തുടരെ വിക്കറ്റുകള്‍ വീണെങ്കിലും നാല് പന്തുകള്‍ ബാക്കി നില്‍ക്കെ തൃശൂര്‍ ലക്ഷ്യത്തിലെത്തി.