ന്യൂഡല്‍ഹി: രഞ്ജി ട്രോഫിയില്‍ കേരളം സര്‍വീസസ് മത്സരം സമനിലയില്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ ആനുകൂല്യത്തില്‍ കേരളത്തിന് മൂന്നു പോയിന്റും സര്‍വീസസിനു ഒരു പോയിന്റും ലഭിച്ചു. സര്‍വീസസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 322നെതിരെ കേരളം അഞ്ചിന് 518 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തു. സച്ചിന്‍ ബേബി (250*) പുറത്താകാതെ നേടിയ ഇരട്ട സെഞ്ച്വറിയുടെയും പുറത്താകാതെ ശതകം നേടിയ അക്ഷയ് ചന്ദ്രന്റെയും (102*) മികവിലാണ് കേരളം കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തത്. 425 പന്തുകളില്‍ നിന്നായി 22 ബൗണ്ടറികളും നാലു സിക്‌സറുകളുമടക്കമാണ് സച്ചിന്‍ ബേബി 250 റണ്‍സ് അടിച്ചു കൂട്ടിയത്.