Culture

യു.എ.ഇയുടെ സഹായം എത്തിക്കല്‍; കീഴ്‌വഴക്കങ്ങള്‍ പൊളിച്ചെഴുതണമെന്ന് ആന്റണി

By chandrika

August 23, 2018

തിരുവനന്തപുരം: മഹാപ്രളയത്തില്‍പെട്ട കേരളത്തിന് കോടികളുടെ നഷ്ടമാണ് നേരിടുന്നതെന്നും ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിനായി ലഭിക്കുന്ന സഹായങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നും മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണി. കേരളത്തിന് യു.എ.ഇ നല്‍കുന്ന സഹായം നിരസിക്കരുതെന്നും നിരസിക്കുന്നത് യു.എ.ഇയുമായുള്ള രാജ്യത്തിന്റെ ബന്ധം വഷളാക്കുമെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇ നല്‍കുന്ന സഹായം സംസ്ഥാനത്ത് എത്തിക്കുന്നതിനായി കീഴ്വഴക്കങ്ങള്‍ പൊളിച്ചെഴുതണമെന്നും ആന്റണി പറഞ്ഞു.

യുപിഎ കാലത്ത് വിദേശ സഹായങ്ങള്‍ സ്വീകരിക്കില്ലെന്ന് തീരുമാനമെടുത്തിരിക്കാം. എന്നാല്‍, ആവശ്യവും അവസരവും മനസിലാക്കി അത് നിലവിലെ സര്‍ക്കാര്‍ തിരുത്തണമെന്നും ആന്റണി പറഞ്ഞു. സംസ്ഥാനം ഒറ്റക്കെട്ടായാണ് ദുരന്തത്തെ നേരിട്ടത് പ്രളയബാധയുമായി ബന്ധപ്പെട്ടോ തുടര്‍ന്നു നടന്ന രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടോ ഒരു വിവാദത്തിനും താനില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.