Culture

ഇരുട്ടു മൂടുന്നു; കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം ഊര്‍ജിതം

By chandrika

August 17, 2018

തിരുവനന്തപുരം: വെള്ളക്കെട്ടില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് ദുരന്തനിവാരണ കോഓര്‍ഡിനേഷന്‍ സെല്ലിന്റെ ചുമതലയുള്ള റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യന്‍ പറഞ്ഞു. സേനാവിഭാഗങ്ങളും മത്സ്യത്തൊഴിലാളികളും ദുരന്ത മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

കുടുങ്ങിയിരിക്കുന്ന മുഴുവന്‍ പേരേയും ഇന്നുതന്നെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. നിലവില്‍ വായുസേനയുടെ ഹെലികോപ്റ്ററുകളില്‍ ഭക്ഷണസാധനങ്ങള്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് എത്തിക്കുന്നുണ്ട്. വള്ളങ്ങളിലും ബോട്ടുകളിലും ഭക്ഷണം എത്തിക്കുന്നത് പരിഗണനയിലാണ്.

തിരുവനന്തപുരത്ത് ഭക്ഷണ സാധനങ്ങള്‍ എത്തിയിട്ടുണ്ട്. കൊച്ചിയില്‍ ഒരു ലക്ഷം പാക്കറ്റ് എത്തിക്കും. നേവിയുടെ 58 ടീമുകള്‍ ബോട്ടുകളുമായി രംഗത്തുണ്ട്. കരസേനയുടെ 27ഉം എന്‍. ഡി. ആര്‍. എഫിന്റെ 33ഉം കോസ്റ്റ് ഗാര്‍ഡിന്റെ 30 ഉം ടീമുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. വായുസേനയുടെ 12 ഹെലികോപ്റ്ററും നാവിക സേനയുടെ പത്ത് ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്. സേനാവിഭാഗങ്ങള്‍ 14,000 പേരെ ഇന്ന് ഉച്ച വരെ രക്ഷിച്ചു. ഇതിലും വളരെ അധികം പേരെ വള്ളങ്ങള്‍ രക്ഷിച്ചിട്ടുണ്ട്.

പ്രളയം രൂക്ഷമായ സ്ഥലങ്ങളില്‍ സൈന്യം രക്ഷാപ്രവര്‍ത്തന ശ്രമം ഊര്‍ജിതമാക്കി. എന്നാല്‍ രാത്രി വൈകുന്നതോടെ രക്ഷാപ്രവര്‍ത്തനത്തിന് വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയാണ്. ഇരുട്ടു മൂടുന്നതിന് മുമ്പേ കഴിയുന്നത്ര ആളുകളേയും സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ദൗത്യസേന.