ബെംഗളൂരു: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കെതിരെ കേരളം കടുത്ത പ്രതിസന്ധിയില്‍. ആദ്യ ഇന്നിങ്സില്‍ 238 റണ്‍സിന് ഓള്‍ ഔട്ടായ കേരളം, ഫോളോ ഓണ്‍ ചെയ്ത രണ്ടാം ഇന്നിങ്സില്‍ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെന്ന നിലയിലാണ്. കര്‍ണാടകയ്ക്ക് ഇപ്പോഴും 348 റണ്‍സിന്റെ കൂറ്റന്‍ ലീഡ് നിലനില്‍ക്കുന്നു.
മൂന്നാം ദിവസം 21 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമായ നിലയിലാണ് കേരളം ഇന്നിങ്സ് തുടര്‍ന്നത്. എന്നാല്‍ ആരംഭം അനുകൂലമായിരുന്നില്ല വെറും 11 റണ്‍സെടുത്ത അക്ഷയ് ചന്ദ്രന്‍ വിദ്വത് കവേരപ്പയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയി മടങ്ങി. ഉടന്‍ തന്നെ ബേസില്‍ റിട്ടയേഡ് ഹര്‍ട് ആയി പവലിയനിലേക്കു മടങ്ങി.
തുടര്‍ന്ന് സച്ചിന്‍ ബേബിയും ബാബ അപരാജിത്തും ചേര്‍ന്ന കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നല്‍കി. ഇരുവരും ചേര്‍ന്ന് 85 റണ്‍സിന്റെ പങ്കാളിത്തം നേടി. എന്നാല്‍ സ്‌കോര്‍ 114ല്‍ നില്‍ക്കെ സച്ചിന്‍ ബേബി (31) വിദ്വത് കവേരപ്പയുടെ പന്തില്‍ ശ്രേയസ് ഗോപാല്‍ പിടിച്ചതോടെ കേരളത്തിന് തിരിച്ചടിയായി.
മറുവശത്ത് ഉറച്ചുനിന്ന ബാബ അപരാജിത്ത് (88)നും അഹ്‌മദ് ഇമ്രാന്‍ (31)നും കേരള ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയെങ്കിലും തുടര്‍നിലനില്‍പ്പുണ്ടായില്ല. അപരാജിത്തിനെ ശിഖര്‍ ഷെട്ടി, ഇമ്രാനെ വൈശാഖ് എന്നിവരാണ് പുറത്താക്കിയത്.
അവസാനം ഷോണ്‍ റോജര്‍ (29), ഹരികൃഷ്ണന്‍ (6) എന്നിവരും പെട്ടെന്ന് മടങ്ങി. ഏദന്‍ ആപ്പിള്‍ ടടോം 60 പന്തുകളില്‍ നിന്ന് 10 റണ്‍സുമായി നോട്ട് ഔട്ട് ആയി. കേരളത്തിന്റെ ഇന്നിങ്സ് 238 റണ്‍സില്‍ അവസാനിച്ചു.
കര്‍ണാടകയ്ക്ക് വേണ്ടി വിദ്വത് കവേരപ്പ നാലും, വൈശാഖ് മൂന്നും, ശിഖര്‍ ഷെട്ടി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.
ഫോളോ ഓണ്‍ ചെയ്ത കേരളം രണ്ടാം ഇന്നിങ്സില്‍ ബാറ്റിംഗ് ആരംഭിച്ചു. കൃഷ്ണപ്രസാദും എം.ഡി. നിധീഷും ചേര്‍ന്നാണ് ഇന്നിങ്സ് തുറന്നത്. കളി നിര്‍ത്തുമ്പോള്‍ കൃഷ്ണപ്രസാദ് 2 റണ്‍സ്, നിധീഷ് 4 റണ്‍സ് എന്ന നിലയില്‍ ക്രീസിലായിരുന്നു.