അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളവും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ്. ഇരുമുന്നണികള്‍ക്കും ഒരേ പോലെ നിര്‍ണായകമായ പോരാട്ടത്തില്‍ ഏറെ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും മുഖമുദ്രയായി മാറിയ ഇടതു സര്‍ക്കാറിനെതിരെയുള്ള അതിശക്തമായ ഭരണവിരുദ്ധവികാരവും സ്ഫടികസമാനം തെളിഞ്ഞുനില്‍ക്കുമ്പോള്‍ പിണറായി ഭരണകൂടത്തെ താഴെയിറക്കാന്‍ ജനംകാത്തുനില്‍ക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.
ലോകസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പലുമെല്ലാം പുറത്തെടുത്ത വികാരം വര്‍ധിത വീര്യത്തോടെയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനം പ്രകടിപ്പിക്കുക. ശബരിമല സ്വര്‍ണക്കൊള്ള, ആരോഗ്യ രംഗത്തെ അരക്ഷിതാവസ്ഥ, ആഭ്യന്തര രംഗത്തിന്റെ തകര്‍ച്ച, അധികാരത്തുടര്‍ച്ചയുടെ ആലസ്യവും ധാര്‍ഷ്ട്യവും തുടങ്ങി അതിനുള്ള കാരണങ്ങള്‍ നീണ്ടുനിവര്‍ന്നുനില്‍ക്കുകയാണ്. കഴിവുകേടുകള്‍ മറച്ചുവെക്കാന്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന കോടികള്‍ ചിലവഴിച്ചുകൊണ്ടുള്ള പി.ആര്‍ വര്‍ക്കുകള്‍ ധൂര്‍ത്തിന്റെ പര്യായമായി മാറുമ്പോള്‍ ഫലത്തില്‍ അതും ബൂമറങ്ങായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ്. ഏറ്റവുമൊടുവില്‍ നടന്നിട്ടുള്ള തദ്ദേശ തിരഞ്ഞെടുപ്പില്‍ സര്‍ക്കാറിന് അഭൂതപൂര്‍വമായ തിരച്ചടി സമ്മാനിച്ചതില്‍ ഒന്നാമത്തെ ഘടകം ശബരിമലയിലെ സ്വര്‍ണക്കൊള്ളതന്നെയാണ്.
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷവും സ്വര്‍ണമോഷ്ടാക്കാളെ സംരക്ഷിക്കാന്‍ നടത്തിയിട്ടുള്ള നീക്കങ്ങളും മന്ത്രിസഭയിലെ ഉന്നതര്‍ക്ക് കുറ്റക്കാരുമായുള്ള ബാന്ധവുമെല്ലാം മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ കൊടുംപാതകത്തിന്‍ ആ മഹാഗര്‍ത്തത്തില്‍നിന്ന് സി.പി.എമ്മിനും സര്‍ക്കാറിനും ഒരിക്കലും കരകയറാനാകില്ലെന്നതാണ് ബോധ്യമാകുന്നത്. കേസില്‍ സിപിഎമ്മിന്റെ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ ഒന്നിനുപുറകെ ഭരണസമിത അംഗങ്ങള്‍ ഘോഷയാത്രയായാണ് ജയിലിലേക്ക് പോയിരുന്നത്. സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റിയംഗം എ പത്മകുമാര്‍ ഉള്‍പ്പെടെ അറസ്റ്റിലായതോടെ മറുപടി പറയാന്‍ നേതൃത്വം നിര്‍ബന്ധിതമായെങ്കിലും പ്രതിരോധിക്കാന്‍ പറഞ്ഞ വാദങ്ങളൊന്നും ജനത്തിന് മുഖവിലക്കെടുക്കാന്‍ കഴിയുന്ന തരത്തിലുള്ളതായിരുന്നില്ല. അറസ്റ്റിലായ നേതാക്കള്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലും കഴിയാത്തത് ആ മഹാ അപരാഥത്തില്‍ പാര്‍ട്ടിക്കുള്ള പങ്കിന്റെ വ്യക്തമായ തെളിവായിരുന്നു.
ശബരിമല വിഷയത്തില്‍ പ്രതിസ്ഥാനത്തായ സര്‍ക്കാര്‍ വിശ്വാസികളെ ഒപ്പം കൂട്ടാന്‍ നടത്തിയ ആഗോള അയ്യപ്പസംഗമം വെളുക്കാന്‍ തേച്ചത് പാണ്ടായി മാറ്റുകയായിരുന്നു. സര്‍ക്കാരിനെ വിവാദത്തിന്റെ ചുഴിയിലേക്കാണ് ആ നീക്കം തള്ളിവിട്ടത്. ആഗോള അയ്യപ്പസംഗമത്തിന്റെ ചെലവുകണക്കുകളില്‍ അടിമുടി പിഴവുകളും ധൂര്‍ത്തും ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നതാണ് തുടക്കം. ആരോപണങ്ങളും വാദപ്രതിവാദങ്ങളും നിറഞ്ഞതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലുമായി.
ഒടുക്കം കണക്കുകള്‍ നേരിട്ട് പരിശോധിക്കാന്‍ ഹൈക്കോടതി എത്തിയതുവരെയായി കാര്യങ്ങള്‍. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്ന് കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പരിശോധിക്കാനാണ് ദേവസ്വം ബെഞ്ച് തീരുമാനിച്ചിരിക്കുന്നത്.
ഭരണവിരുദ്ധ വികാരത്തെ മറികടക്കാന്‍ സര്‍ക്കാര്‍ നടത്തിയ ട്രിപ്പീസ് കളികളെല്ലാം അതേ നാണയത്തില്‍ തിരിച്ചടിക്കുന്നതിനും കേരളം സാക്ഷിയാവുകയുണ്ടായി. അതില്‍ പ്രധാനമായിരുന്ന നവകേരള സദസും അനുബന്ധവിവാദങ്ങളും. നവകേരള സദസിന്റെ പേരില്‍ കോടികള്‍ ചിലവഴിച്ചുകൊണ്ടുള്ള മന്ത്രിസഭയുടെ വിനോദ യാത്ര വെറും പ്രഹസനമായിത്തീര്‍ന്നപ്പോള്‍ അതിന്റെ പേരില്‍ സര്‍ക്കാര്‍ ചിലവഴിച്ച കോടികളെ കുറിച്ചായിരുന്നു ജനംചര്‍ച്ചചെയ്തത്. സാധാരണക്കാര്‍ക്ക് ഒരുരൂപയുടെ ഗുണംപോലും ലഭിക്കാത്ത യാത്രയില്‍ പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ച്ചപോലുള്ള പ്രഹസനങ്ങള്‍ക്കായിരുന്ന ജനംസാക്ഷ്യംവഹിച്ചത്. ഈ ധൂര്‍ത്ത് യാത്രക്കെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെ പാര്‍ട്ടിക്കാര്‍ നേരിട്ട രീതിയും മുഖ്യമന്ത്രിതന്നെ അക്രമികളെ ന്യായീകരിച്ചുകൊണ്ട് രംഗത്തുവന്നതും സര്‍ക്കാറിന് കൂനിന്‍മേല്‍ കുരുവായിത്തീരുകയായിരുന്നു.
ചികിത്സാ പിഴവിന്റെയും ഗുരുതരമായ ക്രമക്കേടുകളും കേന്ദ്രമായി ആരോഗ്യ മേഖലമാറിയപ്പോള്‍ വകുപ്പ് മന്ത്രി സ്വീകരിച്ച സമീപനവും ഈ സര്‍ക്കാറിനുണ്ടാക്കിയ നാണക്കേട് പറഞ്ഞറിയിക്കാനാകാത്തതായിരുന്നു. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ പരിക്കേറ്റെന്ന വ്യാജേന ആശുപത്രിയില്‍ അഡ്മിറ്റാവുകയും തീവ്രപരിചരണ വിഭാഗത്തില്‍വരെ പ്രവേശിപ്പിക്കുകയും ചെയ്തുവെങ്കിലും, പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ ഒരുപോറല്‍പോലുമേറ്റില്ലെന്ന് വ്യക്തമായതോടെ മന്ത്രിയും സര്‍ക്കാറും നാണക്കേടിന്റെ അങ്ങേയറ്റത്തേക്ക് പതിക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ വീഴ്ച്ചകളെ കൃത്യമായി തുറന്നുകാണിക്കുകയും ഭരണകൂടത്തോടുള്ള ജനങ്ങളുടെ പ്രതിഷേധം കൃത്യമായി നിയമസഭക്കകത്തും പുറത്തും പ്രകടിപ്പിക്കാനും കഴിഞ്ഞ പ്രതിപക്ഷത്തിനുള്ള ജനങ്ങളുടെ അംഗീകാരമായിരുന്നു രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്തെ ജനവിധികളെല്ലാം.
ജനങ്ങളില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെട്ടപ്പോള്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള വ്യാപകമായ ശ്രമങ്ങളും ഈ സര്‍ക്കാറിന്റെ കാലത്ത് ഒളിയും മറയുമില്ലാതെ നടന്നുകൊണ്ടിരിക്കുകയാണ്. വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും വിഷഭീജങ്ങള്‍ പരത്തുന്നവരെ ഒളിഞ്ഞുംതെളിഞ്ഞും താലോലിച്ചുകൊണ്ടിരിക്കുന്നത് ഏതുവിധേനയും അധികാരം നിലനിര്‍ത്തുക എന്ന ഒറ്റലക്ഷ്യത്തിലാണ്. എന്നാല്‍ ജനാധിപത്യ കേരളം ഈ കുത്സിത ശ്രമങ്ങളെയെല്ലാം തിരിച്ചറിയുകയും ശക്തമായ മറുപടി നല്‍കാന്‍ കാത്തിരിക്കുകയുമാണ്. അതിന്റെ സാക്ഷ്യപ്പെടുത്തലായിരിക്കും ഏപ്രില്‍ 9 ലെ ജനവിധി.