ലാഹ്‌ലി: ഹരിയാനയെ ഇന്നിങ്‌സിനും എട്ടു റണ്‍സിനും തകര്‍ത്ത് കേരളം രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍. ഒന്നാം ഇന്നിങ്‌സില്‍ കേരളം നേടിയ 389 റണ്‍സ് പിന്തുടര്‍ന്ന ഹരിയാന ആദ്യ ഇന്നിങ്‌സില്‍ 208-നും രണ്ടാം ഇന്നിങ്‌സില്‍ 173-നും പുറത്താവുകയായിരുന്നു. ഗ്രൂപ്പ് ബിയില്‍ ഗുജറാത്തിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത കേരളം ക്വാര്‍ട്ടര്‍ യോഗ്യത നേടി. ഇതാദ്യമായാണ് കേരളം രഞ്ജി ക്വാര്‍ട്ടറിലെത്തുന്നത്.

മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റിന് 83 എന്ന നിലയിലായിരുന്ന ഹരിയാനയുടെ ശേഷിക്കുന്ന വിക്കറ്റുകള്‍ കേരളം ഇന്ന് സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍ 119-ല്‍ നില്‍ക്കെ രജത് പലിവാലിനെ (34) മടക്കി ജലജ് സക്‌സേനയാണ് വഴിത്തിരിവുണ്ടാക്കിയത്. തൊട്ടുപിന്നാലെ ക്യാപ്ടന്‍ അമിത് മിശ്രയെ (40) നിധീഷും പുറത്താക്കിയതോടെ കളി പൂര്‍ണമായും കേരളത്തിന്റെ വരുതിയിലായി. ഒമ്പതാം നമ്പര്‍ ബാറ്റ്‌സ്മാന്‍ പൂനിഷ് മേത്ത (32 നോട്ടൗട്ട്) ചെറുത്തു നിന്നെങ്കിലും മറ്റു ബാറ്റ്‌സ്മാന്മാരെ പുറത്താക്കി കേരളം ലക്ഷ്യത്തിലെത്തി.

രണ്ടാം ഇന്നിങ്‌സില്‍ ജലജ് സക്‌സേനയും നിധീഷും മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബേസില്‍ തമ്പി രണ്ടു പേരെ പുറത്താക്കി. സന്ദീപ് വാര്യര്‍, അരുണ്‍ കാര്‍ത്തിക് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.