ഒരാഴ്ച്ചക്കിടെ ഏല്‍ക്കേണ്ടിവന്ന ഇരട്ട പ്രഹരത്തിന്റെ ആഘാതത്തിലാണ് മലയാളികള്‍. ദിവസങ്ങളുടെ വ്യത്യാസത്തില്‍ അവതരിപ്പിക്കപ്പെട്ട കേന്ദ്ര – കേരള ബജറ്റുകള്‍ ഒരുപോലെ നിരാശാജനകവും പ്രതീക്ഷകള്‍ക്ക് ഒരു വകയും നല്‍കാത്തവയുമാണ്. സംസ്ഥാന ബജറ്റ് പ്രായോഗികത തൊട്ടുതീണ്ടാതെ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ള ട്രിപ്പീസുകളി മാത്രമായി മാറിയപ്പോള്‍ കേന്ദ്രബജറ്റ് കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്നത് മറന്നുപോയ തരത്തിലുള്ളതായിത്തീര്‍ന്നിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധി മാറ്റാന്‍ 24,000 കോടിയുടെ പാക്കേജ്, സില്‍വര്‍ ലൈന്‍, ഉയര്‍ന്ന ജി.എസ്.ടി വിഹിതം, എയിംസ്, റബറിന് 250 രൂപ താങ്ങുവില തുടങ്ങി പ്രതീക്ഷയുടെ നെറുകയിലിരുന്നുകൊണ്ടാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റിനെ കേരളം നോക്കിക്കണ്ടിരുന്നത്.
കേരളത്തില്‍ നിന്ന് രണ്ടു സഹമന്ത്രിമാരുള്ളതും ഒരു ലോക്സഭാ എം.പിയും തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി അധികാരത്തിലെത്തിയതുമെല്ലാമാണ് പതിവിനു വിപരീതമായി രാഷ്ട്രീയ നിരീക്ഷകരും സാമ്പത്തിക വിദഗ്ധരുമെല്ലാം നിര്‍മലാ സീതാരാമനില്‍ പ്രതീക്ഷവെച്ചുപുലര്‍ത്താനുള്ള കാരണങ്ങളായി കണ്ടിരുന്നത്. എന്നാല്‍ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി കോരന് കഞ്ഞി കുമ്പിളില്‍ തന്നെ എന്നതാണ് നിലവിലെ സ്ഥിതി. സംസ്ഥാനത്തെ ഭരണ പ്രതിപക്ഷാംഗങ്ങളെക്കാള്‍ ഞെട്ടിത്തരിച്ചിരിക്കുന്നത് ബി.ജെ.പിയാണെന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. ഇടിവെട്ടേറ്റവനെ പാമ്പുകടിച്ച പരിതസ്ഥിതിയിലാണ് നിലവിലെ കേരള ബി.ജെപി. ദിവസങ്ങള്‍ക്ക് മുമ്പ് തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന്വേണ്ടി വലിയ പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന പ്രചണ്ഡമായ പ്രചരണങ്ങള്‍ നടത്തുകയും എന്നാല്‍ അദ്ദേഹം വികസനത്തെക്കുറിച്ച് ക, മ മിണ്ടാതെ പോവുകയും ചെയ്തതിലൂടെ അക്ഷരാര്‍ത്ഥത്തില്‍ പരിഹാസ്യരായിപ്പോയ രാജീവ് ശങ്കറിന്റെയും കൂട്ടരുടെയും അവസാനത്തെ അത്താണിയായിരുന്നു കേന്ദ്ര ബജറ്റ്. കേന്ദ്ര ബജറ്റിലും എടുത്തുപറയാന്‍ ഒരു പദ്ധതിപോലുമില്ലാത്ത സാഹചര്യത്തില്‍ തല ഉയര്‍ത്താന്‍ കഴിയാത്ത നിലയിലേക്കാണ് അവര്‍ എടുത്തെറിയപ്പെട്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അതിവേഗ റെയിലിനുപകരം ഇ. ശ്രീധരന്‍ മുന്നോട്ടുവെച്ച പദ്ധതിയെ പിന്തുണക്കുക മാത്രമല്ല, അത് എന്തു വിലകൊടുത്തും നടപ്പാക്കുമെന്ന പ്രഖ്യാപനം തന്നെ നടത്തിക്കളഞ്ഞിരുന്നു സംസ്ഥാന ബി.ജെ.പി. എന്നാല്‍ അതേക്കുറിച്ച് ഒരുപരാമര്‍ശംപോലുമുണ്ടായില്ലെന്നത് എത്രമാത്രം ദൈന്യതയാണ് അവര്‍ക്ക് സമ്മാനിച്ചതെന്നത് ഊഹിക്കാവുന്നതേയുള്ളൂ.
റെയില്‍വേ പദ്ധതി ഇല്ലെന്ന് മാത്രമല്ല 12 ജലപാത പ്രഖ്യാപിച്ചതിലും കേരളമില്ല. പുതിയ ദേശീയ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പ്രഖ്യാപിച്ചതിലും സംസ്ഥാനത്തെ കുറിച്ച് പരാമര്‍ശമില്ല. രാജ്യത്ത് ഏഴ് ഹൈസ്പീഡ് അതിവേഗ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചതില്‍ കേരളമില്ല. മുംബൈ – പൂനെ, പൂനെ- ഹൈദരാബാദ്-ചെന്നൈ, ചെന്നൈ – ബെംഗളൂരു, ഡല്‍ഹി- വാരണാസി, വാരണാസി- സിലിഗുരി എന്നിവയാണ് പുതിയ ഇടനാഴികളായി പ്രഖ്യാപിച്ചിരിക്കുന്നത്.2026-27 സാമ്പത്തിക വര്‍ഷത്തേക്ക് മൊത്തം 2.93ലക്ഷം കോടി രൂപയുടെ വിഹിതമാണ് റെയില്‍വേയ്ക്ക് മാത്രമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. റെയില്‍വേയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണിതെന്നതും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്.
എയിംസിന്റെ കാര്യത്തില്‍ കേന്ദ്രം പറഞ്ഞ എല്ലാ നിബന്ധനകളും കേരളം അനുസരിച്ചിട്ടും സംസ്ഥാനത്തിന് ഒന്നും ലഭിച്ചില്ല. കോഴിക്കോട് കിനാലൂരില്‍ വ്യവസായ വകുപ്പിന്റെ ഭൂമി വിട്ടുനല്‍കുകയും എല്ലാ നടപടികളും പൂര്‍ത്തിയാക്കുകയും ചെയ്തിട്ടും ബജറ്റില്‍ കേരളത്തിന്റെ പേരില്ല. ധാതു ഖനനത്തിന് റെയര്‍ എര്‍ത്ത് കോറിഡോര്‍ പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സംസ്ഥാനം പൊതുമേഖലയില്‍ പ്രഖ്യാപിച്ച അതേ പദ്ധതിയാണ് കേന്ദ്രം സ്വകാര്യമേഖലക്ക് തീറെഴുതിക്കൊടുക്കാന്‍ ശ്രമിക്കുന്നത്. സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലെത്തിനില്‍ക്കുമ്പോഴുള്ള ഈ അവഗണന കേരളത്തില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് ഒരു പ്രതീക്ഷയുമില്ലെന്ന രാഷ്ട്രീയമാനം കൂടി ഈ ബജറ്റ് സമ്മാനിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് അടിത്തറ പാകുന്ന സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയെ കേന്ദ്രം മറന്നുപോയിരിക്കുന്നു. രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന സര്‍ക്കാര്‍ സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനോ ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കുന്നതിനോ വ്യക്തമായ പദ്ധതികളില്ല. നിലവിലുള്ള ‘സമഗ്ര ശിക്ഷാ’ തുടങ്ങിയ പദ്ധതികള്‍ക്ക് നാമമാത്രമായ വര്‍ദ്ധനവ് മാത്രമാണ് ലഭിച്ചിരിക്കുന്നത്. അതാകട്ടെ കേരളത്തിന് നല്‍കുന്നുമില്ല. ചുരുക്കത്തില്‍ കശുവണ്ടി നാളികേര സംരക്ഷണം, കടലാമ സംരക്ഷണം എന്നിവ പോലുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമായ പൊതുവായ പ്രഖ്യാപനങ്ങളില്‍ ആശ്വാസം കൊള്ളാനാണ് സംസ്ഥാനത്തിന്റെ വിധി.