kerala

കേരളം വികസന മുരടിപ്പിലും കടക്കെണിയിലും അകപ്പെട്ടിരിക്കുകയാണ് – ശശി തരൂര്‍ എം.പി

By Akhila

April 03, 2026

മലപ്പുറം: കേരളം വികസന മുരടിപ്പിലും കടക്കെണിയിലും അകപ്പെട്ടിരിക്കുകയാണെന്നും ഈ ദുര്‍ഭരണത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഐക്യജനാധിപത്യ മുന്നണി അധികാരത്തില്‍ വരണമെന്നും ശശി തരൂര്‍ എം.പി. മലപ്പുറം നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം മീമ്പാട്ട് തറവാട്ടില്‍ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതി ആയോഗിന്റെ റിപ്പോര്‍ട്ട് പ്രകാരം സാമ്പത്തിക രംഗത്ത് കേരളം ഏറെ പിന്നിലാണ് .ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കടബാധ്യതയുള്ള സംസ്ഥാനമായി കേരളം മാറി. വികസനത്തിന് ചിലവാക്കേണ്ട തുകയുടെ ഇരട്ടിയാണ് സര്‍ക്കാര്‍ പലിശ അടയ്ക്കാനായി മാറ്റിവെക്കുന്നത്. ഓണം ബോണസ് നല്‍കാന്‍ പോലും കടമെടുക്കേണ്ടി വരുന്ന ഗതികേടിലാണ് സംസ്ഥാനമെന്നും അദ്ദേഹം വിമര്‍ശിച്ചു.

കേരളം ഒരു ‘ഓള്‍ഡ് ഏജ് ഹോം’ ആയി മാറിക്കൊണ്ടിരിക്കുകയാണ്. ‘നമ്മുടെ മിടുക്കരായ യുവാക്കള്‍ തൊഴിലവസരങ്ങള്‍ തേടി അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ഓടിപ്പോകുകയാണ്. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ‘ഇന്‍വെസ്റ്റര്‍ പ്രൊട്ടക്ഷന്‍ ആക്ട്’ കൊണ്ടുവരും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് തുടങ്ങിയ ആധുനിക കോഴ്‌സുകള്‍ കേരളത്തില്‍ തന്നെ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടി,പി ഉബൈദുള്ള എം.എല്‍.എ,സുഭാഷിണി, പി സി വേലായുധന്‍ക്കുട്ടി, പി എ സലാം, ഖാദര്‍ മേല്‍മുറി, കെ എ സുന്ദരന്‍, പരി ഉസ്മാന്‍, പി കെ ബാവ, അഡ്വ. വി റിനിഷ, ജിതേഷ് ജി അനില്‍, ജിജി മോഹന്‍,ഹാരിസ് ആമിയന്‍, എ എം അബൂബക്കര്‍, സമീര്‍ മുണ്ടുപറമ്പ പ്രസംഗിച്ചു.