പ്രളയക്കെടുതിയില്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കാണാന്‍ അവസരം ആവശ്യപ്പെട്ടുള്ള കേരളത്തിലെ എംപിമാരുടെ അഭ്യര്‍ത്ഥന പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി. കേരളത്തില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയതാണ് എന്നും ഇക്കാര്യത്തില്‍ കൂടിക്കാഴ്ചയുടെ ആവശ്യമില്ലെന്നുമാണ് മന്ത്രാലയം എംപിമാരെ അറിയിച്ചത്. വേണമെങ്കില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കാമെന്നും എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

പ്രളയത്തെ തുടര്‍ന്നുള്ള കേരളത്തിന്റെ അവസ്ഥ പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെയും അറിയിക്കുന്നതിനായാണ് കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എല്‍ഡിഎഫ് എംപിമാര്‍ സംയുക്തമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചത്. രാജ്നാഥ് സിംഗിനെ മുന്‍പ് കണ്ട് വിവരങ്ങള്‍ സംസാരിച്ചതാണെന്നും വീണ്ടും കൂടിക്കാഴ്ച നടത്തേണ്ടതില്ലെന്നുമാണ് എംപിമാരുടെ നിലപാട്. പ്രധാനമന്ത്രിയുടെ ഈ നടപടി കേരളത്തോടുള്ള അവഗണനയെന്ന് എംപിമാര്‍ പ്രതികരിച്ചു.