തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അറബ് സഞ്ചാരികളെ കേരളത്തിലേക്ക് കൂടുതലായി ആകര്‍ഷിക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പ്, ലുലുഗ്രൂപ്പുമായി ചേര്‍ന്ന് ജി.സി.സി രാജ്യങ്ങളില്‍ ‘എക്‌സ്‌പ്ലോര്‍ കേരള’ സംഘടിപ്പിക്കുന്നു. ഇതിന്റെ ആദ്യപടിയായി അബുദാബിയിലെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ മുഷ്‌റിഫ് മാളില്‍ ഫെബ്രുവരി 22 മുതല്‍ 25 വരെ പ്രദര്‍ശനം നടക്കും. ദുബായിലെ ഇന്ത്യ ടൂറിസം ഓഫിസ്, ടൂറിസം ഇന്ത്യ, ബ്രാന്‍ഡ് കേരള മാഗസിന്‍ എന്നിവരും നാല് ദിവസത്തെ എക്‌സ്‌പോയില്‍ പങ്കാളികളാണ്.

കേരളത്തിലെ ഹോട്ടല്‍ ആയുര്‍വേദ രംഗത്തെ പ്രമുഖര്‍ എക്‌സ്‌പോയില്‍ പങ്കെടുക്കും. അറബ് സഞ്ചാരികള്‍ക്ക് കേരളത്തിന്റെ പ്രകൃതി മനോഹാരിതയെപ്പറ്റിയും തനതുകലാരൂപങ്ങളെപ്പറ്റിയും കൂടുതല്‍ അറിയുന്നതിന് മേള സഹായകരമാകും. എല്ലാവിഭാഗക്കാരെയും ആകര്‍ഷിക്കുന്ന വിവിധ ടൂര്‍ പാക്കേജുകള്‍ എക്‌സ്‌പോയുടെ പ്രത്യേകതയാണ്. മേള നടക്കുന്ന ദിവസങ്ങളില്‍ കേരളത്തിന്റെ തനതുകലാരൂപങ്ങളായ കഥകളി, തെയ്യം, മോഹിനിയാട്ടം, തായമ്പക തുടങ്ങിയവയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. കേരളത്തിന്റെ നാടന്‍ ഭക്ഷ്യവിഭവങ്ങളുള്‍പ്പെടുന്ന കേരളഫുഡ് ഫെസ്റ്റിവലും ഇതിനോടനുബന്ധിച്ച് നടത്തുന്നുണ്ട്.

മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ കണക്കെടുത്താല്‍ സഊദിഅറേബ്യ, യു.എ.ഇ. എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതലായി സഞ്ചാരികള്‍ കേരളത്തിലെത്തുന്നത്. ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ധാരാളമായി എത്തുന്നുണ്ട്. 2015ല്‍ 71, 500 പേര്‍ സഊദിയില്‍ നിന്നെത്തിയപ്പോള്‍ യു.എ.ഇ.യില്‍ നിന്ന് 20,506 പേരാണ് കേരളം കാണാനെത്തിയത്. ഈ കാലയളവില്‍ 17,924 പേര്‍ ഒമാനില്‍ നിന്നുമെത്തി. അറബ് നാടുകളില്‍ നിന്നായി ശരാശരി 1.12 ലക്ഷത്തിലധികം സന്ദര്‍ശകരാണ് കേരളം കാണാനെത്തുന്നത്.

ടൂറിസം വകുപ്പുമായി സഹകരിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ ലുലുഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ്മാളുകള്‍ എന്നിവ കേന്ദ്രീകരിച്ച് ടൂറിസം എക്‌സ്‌പോ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് ലുലുഗ്രൂപ്പ്എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷ്‌റഫ് അലിപറഞ്ഞു. അബുദാബി ടൂറിസം അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുല്‍ത്താന്‍ മുത്തവഅല്‍ ദാഹിരി എക്‌സ്‌പോ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. യു.എ.ഇ.യിലെ ഇന്ത്യന്‍ സ്ഥാനപതി നവദീപ്‌സൂരി, എത്തിഹാദ് എയര്‍വേയ്‌സീനിയര്‍ വൈസ് പ്രസിഡണ്ട് ഹാരിബ് അല്‍ മുഹൈരി, ഇന്ത്യ ടൂറിസം ഡയറക്ടര്‍ ഐ.ആര്‍.വി. റാവു സംബന്ധിക്കും.