india

ഹരിയാനയിലെ രാസലഹരി കേന്ദ്രം കണ്ടെത്തി കേരള പൊലീസ്; മൂന്ന് നൈജീരിയന്‍ സ്വദേശികളെ പിടിക്കൂടി

By webdesk17

August 25, 2025

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് രാസലഹരി എത്തിച്ചിരുന്ന ഹരിയാന ഗുരുഗ്രാമിലെ ലഹരികേന്ദ്രം കേരള പൊലീസ് കണ്ടെത്തി . ഡല്‍ഹി, ഹരിയാന പൊലീസിന്റെ സഹായത്തോടെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് ഓപറേഷന്‍ നടത്തിയത്. മൂന്ന് നൈജീരിയന്‍ സ്വദേശികളെ പിടികൂടി.

രാസലഹരിക്കെതിരെ ശക്തമായ നടപടികള്‍ നടക്കുന്നതിനിടെയാണ് ഇവരുടെ ഉല്‍പാദന കേന്ദ്രം കണ്ടെത്തിയത് . കഴിഞ്ഞ ഫെബ്രുവരിയില്‍ കോഴിക്കോട് ടൗണ്‍ പോലീസ് 778 ഗ്രാം എംഡിഎംഎയുമായി ഒരാളെ പിടികൂടിയിരുന്നു . ഇതിന്റെ തുടരന്വേഷണമാണ് രാസലഹരി കേന്ദ്രത്തിലേക്ക് എത്തിച്ചത് .

അന്ന് പിടിയിലായ പ്രതിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ ലഹരി വസ്തുക്കള്‍ വാങ്ങിയത് നൈജീരിയന്‍ സ്വദേശിയില്‍ നിന്നാണെന്ന് കണ്ടെത്തിയത്. പണം ഹരിയാന , ഡല്‍ഹി എന്നിവിടങ്ങളിലാണ് പിന്‍വലിച്ചത്. മൂന്ന് നൈജീരിയന്‍ സ്വദേശികള്‍ ഇതിന് പിന്നിലുണ്ടെന്ന് പൊലീസിന് വ്യക്തമായി . കേരള പൊലീസ് അറിയിച്ചത് അനുസരിച്ച് ഹരിയാന പൊലീസ് ലൊക്കേഷന്‍ പരിശോധിച്ച് നൈജീരിയന്‍ സ്വദേശികള്‍ താമസിക്കുന്ന സ്ഥലം റെയ്ഡ് ചെയ്തു .

ഇവിടെ നിന്നും ലഹരി വസ്തുക്കളുംമറ്റ് സാമഗ്രികളും കണ്ടെടുത്തു . ആറ് നൈജീരിയന്‍ സ്വദേശികള്‍ ഉള്‍പ്പടെ എട്ടു പേരെ അറസ്റ്റ് ചെയ്തു . തുടര്‍ന്ന് കോഴിക്കോട് ടൗണ്‍ പൊലീസ് ഹരിയാനയില്‍ എത്തി 3 പേരെ കസ്റ്റഡിയില്‍ എടുത്തത്. പിടിയിലായവരില്‍ ഒരു നൈജീരിയന്‍ സ്വദേശി ഒഴികെ മറ്റുള്ളവര്‍ക്ക് വിസയില്ല. ഒരു കോടിയില്‍ അധികം വില വരുന്ന മയക്കുമരുന്നുകളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത് . ഡാര്‍ക്ക് വെബ് വഴിയാണ് ഇവര്‍ ലഹരി വില്‍പ്പന നടത്തിയത്. കോഴിക്കോട് എത്തിച്ച പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും .