കേരളത്തില്‍ നഷ്ടപ്പെട്ടതായി പരാതിപ്പെട്ട 34,000 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി കേരള പോലീസ്. ഇതുമായി ബന്ധപ്പെട്ട് ഫോണ്‍ ഉടമകള്‍ക്ക് പോലീസ് കൂട്ടത്തോടെ സന്ദേശമയച്ചിരിക്കുകയാണ്. സി.ഇ.ഐ.ആര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ഫോണുകള്‍ കണ്ടെത്തിയതെന്ന് സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
ഫോണ്‍ വീണ്ടെടുക്കുന്നതിനായി ഉടന്‍ തന്നെ പരാതി നല്‍കിയ പോലീസ് സ്റ്റേഷനുമായോ അടുത്തുള്ള പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് കേരള പോലീസ് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ പേരില്‍ വന്ന സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
സൈബര്‍ വിങ് എസ്.പി.യുടെ നിര്‍ദേശപ്രകാരമാണ് ഇന്നുമുതല്‍ സന്ദേശങ്ങള്‍ അയച്ചുതുടങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ഫോണ്‍ നഷ്ടപരാതികളില്‍ നിരവധി കേസുകള്‍ ഇതുവരെ തീര്‍പ്പാകാതെ കിടക്കുകയായിരുന്നു. ഈ പരാതികള്‍ പരിഹരിക്കുന്നതിനായി സൈബര്‍ പോലീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യേക ഡ്രൈവ് നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് ഇത്രയും വലിയ തോതില്‍ ഫോണുകള്‍ കണ്ടെത്താനായത്.
കഴിഞ്ഞ ദിവസം മാത്രം ഏകദേശം 34,000 ഫോണുകള്‍ കണ്ടെത്തിയതായാണ് വിവരം. ഇത്രയും പരാതിക്കാര്‍ക്ക് ഇപ്പോള്‍ പോലീസ് സന്ദേശമയച്ചിട്ടുണ്ട്. ഇതില്‍ പമ്പ പോലീസ് സ്റ്റേഷനില്‍ ലഭിച്ച ഏകദേശം 2,000 പരാതികളില്‍ 1,800 ഫോണുകള്‍ കണ്ടെത്തി. ഈ ഫോണ്‍ ഉടമകളില്‍ പലരും സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണെന്നും പോലീസ് അറിയിച്ചു.
ആകെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ മാത്രം ഏകദേശം 12,000 പേരുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയിട്ടുണ്ട്.