kerala

കേരള പോലീസ് കേരളത്തിന് തന്നെ അപമാനമെന്ന് വി.ഡി സതീശന്‍

By Test User

November 04, 2022

കേരള പോലീസ് കേരളത്തിന് തന്നെ അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.കാറില്‍ ചാരി നിന്ന് കുട്ടിയെ ചവിട്ടി തെറുപ്പിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മനസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്ന ദൃശ്യങ്ങളാണിത്. ഒരു ആറ് വയസുകാരന്‍ തന്റെ കൗതുകം കൊണ്ടാണ് കാറില്‍ ചാരി നിന്നത്. അതിന് കുട്ടിയെ ചവിട്ടി തെറുപ്പിക്കുക എന്നത് കൊടുംക്രൂരതയാണ്. രാജസ്ഥാനില്‍ നിന്ന് തൊഴില്‍ തേടി കേരളത്തിലെത്തിയ കുടുംബത്തിലെ കുട്ടിയോട് കാട്ടിയ ക്രൂരതയില്‍ കേരളം തലതാഴ്ത്തുന്നു അദ്ദേഹം പറഞ്ഞു.

പ്രതിയെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച പോലീസിന് ഗുരുതരമായ വീഴ്ചയാണ് പറ്റിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന് വിവാദമായപ്പോഴാണ് പോലീസിന് വകതിരിവുണ്ടായത്. സംഭവം നടന്ന് പത്ത് മണിക്കൂറിന് ശേഷമാണ് തലശ്ശേരി പോലീസ് അനങ്ങിയത്. മുഖ്യമന്ത്രിക്ക് ഇതും ഒരു ഒറ്റപ്പെട്ട സംഭവമാകും. പക്ഷേ ഈ പോലീസ് കേരളത്തിന് അപമാനമാണ്. കേരളത്തില്‍ പോലീസ് സംരക്ഷണം ആര്‍ക്കാണ് ഇരയ്‌ക്കോ അതോ വേട്ടക്കാര്‍ക്കോ? അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ദിവസം രാത്രിയില്‍ തലശേരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.കാറില്‍ ചാരി നിന്ന ബാലന് ക്രൂര മര്‍ദനമേല്‍ക്കുകയായിരുന്നു.പൊന്ന്യംപാലം സ്വദേശി ഷിഹ്ഷാദാണ് അറസറ്റിലായത്. ഇയാള്‍ കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യം സിസിടിവി യില്‍ തെളിഞ്ഞിരുന്നു.

തലശേരി പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ മണവാട്ടി ജംഗ്ഷനിലാണ് സംഭവം. രാജസ്ഥാന്‍ സ്വദേശികളുടെ മകനാണ് മര്‍ദനമേറ്റത്. കുട്ടിയെ ചവിട്ടുന്ന ദൃശ്യമാണ് പുറത്തുവന്നത്.