kerala

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

By Test User

September 21, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ തുടര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കാന്‍ സാധ്യത. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

നാളെ പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളോട് മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര പൂര്‍ണമായി ഒഴിവാക്കണം. കേരള തീരത്ത് ശക്തമായ കാറ്റിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന മുന്നറിയിപ്പുണ്ട്. കടലേറ്റ ഭീഷണിയുള്ളതിനാല്‍ തീരമേഖലയില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം.