kerala

2010ല്‍ യുഡിഎഫിന്റെ മികച്ച വിജയം കേരളം കണ്ടു, ഇത്തവണ അതിലേറെ പ്രതീക്ഷ: സണ്ണി ജോസഫ്

By webdesk17

November 10, 2025

തദ്ദേശ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് പൂര്‍ണ സജ്ജമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി മിഷന്‍ 2025 പ്രഖ്യാപിക്കുകയും സ്ഥാനാര്‍ഥികളെ തീരുമാനിച്ച് ചിട്ടയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയും ചെയ്‌തെന്ന് സണ്ണി ജോസഫ് പറഞ്ഞു. 2010ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മികച്ച വിജയം കേരളം കണ്ടതാണെന്നും ഇത്തവണ അതിനേക്കാള്‍ മിന്നുന്ന വിജയം കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

നേരത്തെ തന്നെ വാര്‍ഡ് കമ്മിറ്റികള്‍ രൂപീകരിച്ച് വിപുലമായ കുടുംബ സംഗമങ്ങള്‍ ഉള്‍പ്പെടെ നടത്തിയെന്നും ഭവന സന്ദര്‍ശനം നടത്തി വോട്ടര്‍മാരെ നേരില്‍ക്കണ്ട് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ ഭരണപരാജയങ്ങള്‍ വിശദീകരിക്കാനായെന്നും സണ്ണി ജോസഫ് പറഞ്ഞു. വാര്‍ഡ് കമ്മിറ്റികള്‍ക്ക് നല്ല സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിന് പൂര്‍ണ അധികാരം നല്‍കി. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ പി വി അന്‍വറിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

അതേസമയം തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ വെട്ടിക്കുറച്ച സര്‍ക്കാരാണിതെന്ന് സണ്ണി ജോസഫ് കുറ്റപ്പെടുത്തി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഫണ്ട് പോലും വെട്ടിക്കുറിച്ചെന്നും പണമില്ലാതെ തദ്ദേശ സ്ഥാപനങ്ങളും നട്ടം തിരിയുകയാണെന്നും സണ്ണി പറഞ്ഞു.

എന്നാല്‍ ക്ഷേമപെന്‍ഷന്‍ വര്‍ധന ഇപ്പോള്‍ നടപ്പിലാക്കുന്നത് ഇലക്ഷന്‍ സ്റ്റണ്ട് മാത്രമാണെന്നും പ്രതിസന്ധികളിലും സര്‍ക്കാരിന്റെ ആഡംബരത്തിന് കുറവില്ലെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.