kerala

സ്വപ്‌നയുടെ വീട്ടില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പല തവണ പോയി; ആരോപണവുമായി ബിജെപി

By Test User

September 23, 2020

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ വീട്ടില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പല തവണ പോയിട്ടുണ്ടെന്ന ആരോപണവുമായി ബിജെപി. ബിജെപി വക്താവ് സന്ദീപ് വാര്യരാണ് ആരോപണം ഉന്നയിച്ചത്. നേരത്തെ, മന്ത്രിസഭയില്‍ രണ്ടാമതൊരു മന്ത്രിക്കു സ്വര്‍ണക്കള്ളക്കടത്തില്‍ പങ്കുണ്ടെന്ന ആരോപണമുണ്ടായിരുന്നു.

സ്വപ്‌നനയുടെ വീട്ടില്‍ മന്ത്രി പോയിട്ടില്ലെങ്കില്‍ നിഷേധിക്കട്ടെ. സ്വപ്‌ന സുരേഷില്‍ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കില്‍ കടകംപള്ളി സുരേന്ദ്രന്റെയും പേരുണ്ട്. സ്വപ്‌ന സുരേഷ് കടകംപള്ളി സുരേന്ദ്രന്‍ ബന്ധത്തെക്കുറിച്ച് അന്വേഷണം വേണം- സന്ദീപ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മകളുടെ ഫ്ളാറ്റില്‍ ഫര്‍ണീച്ചറുകള്‍ സംഭാവന ചെയ്തത് സ്വപ്‌ന സുരേഷാണെന്നും ബിജെപി വക്താവ് ആരോപിച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മകളേയും സ്വപ്‌ന സുരേഷിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണം. മകളുടെ വിവാഹത്തിന് സമ്മാനമായി ഫര്‍ണിച്ചറുകള്‍ നല്‍കിയത് സ്വപ്‌ന സുരേഷാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സന്ദീപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആരോപണം മുഖ്യമന്ത്രി നിഷേധിച്ചിരുന്നു.