സംസ്ഥാനത്ത് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൂച്ച പെറ്റുകിടക്കുന്ന ഖജനാവാണെന്നും ബജറ്റില്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും വിഡി സതീശന്‍ പറഞ്ഞു. അനാവശ്യ അവകാശ വാദം കൊണ്ട് പവിത്രത നശിപ്പിച്ചെന്നും ഇത് വെറുമൊരു പൊളിറ്റിക്കല്‍ ഡോക്യുമെന്റ് മാത്രമാണെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
വിശ്വാസ്യത തീരെ ഇല്ലാത്ത ബജറ്റ് ആണ് അവതരിപ്പിച്ചതെന്നും കേരളത്തിലെ മോശം പദ്ധതി ചെലവ് നടപ്പാക്കിയ വര്‍ഷമാണ് കടന്നുപോയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പദ്ധതി ചെലവ് പരിതാപകരമായ അവസ്ഥയിലാണ്. 10 ലക്ഷം രൂപയില്‍ കൂടുതല്‍ ട്രഷറിയില്‍ നിന്ന് മാറിയെടുക്കാന്‍ കഴിയില്ല. ഇത്തരം ഒരു ഖജനാവ് വെച്ചാണ് ഗീര്‍വാണ പ്രസംഗം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആശ – അങ്കണവാടി വർക്കർമാരെ നേരത്തെ പരിഹസിച്ചവരാണ് എൽഡിഎഫ് സർക്കാർ. നിയമസഭയിൽ ആവശ്യപ്പെട്ടിട്ടും കൂട്ടിക്കൊടുക്കില്ലെന്ന് പറഞ്ഞവർ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വേതനം വർധിപ്പിച്ചിരിക്കുന്നുവെന്നും സതീശൻ പറഞ്ഞു.