കോട്ടയം: കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും തന്റെ പിതാവും സഹോദരനും ചേര്‍ന്നാണ് കൊവിനെ കൊന്നതെന്നും ആവര്‍ത്തിച്ച് ഭാര്യ നീനു കോടതിയില്‍ മൊഴി നല്‍കി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് നീനു മൊഴി നല്‍കിയത്. കോടതിയില്‍ നീനുവിന്റെ വിസ്താരം തുടരുകയാണ്.

കെവിന്‍ താഴ്ന്ന ജാതിക്കാരനായത് കൊണ്ടാണ് വീട്ടുകാര്‍ വിവാഹം എതിര്‍ത്തത്. പിതാവും സഹോദരനുമാണ് കെവിനെ കൊലപ്പെടുത്തിയത്. ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് അച്ഛന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും നീനു കോടതിയില്‍ വ്യക്തമാക്കി. താന്‍ കെവിന്റെ വീട്ടില്‍ നില്‍ക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. അവരെ സംരക്ഷിക്കുമെന്നും നീനു വ്യക്തമാക്കി.

അമ്മ രഹനയുടെ സഹോദരിയുടെ മകന്‍ നിയാസും തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. വിവാഹത്തിന് സമ്മതിക്കില്ലെന്ന് ഫോണിലൂടെ നിയാസ് കെവിനെയും നീനുവിനെയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. തട്ടിക്കൊണ്ട് പോകുന്നതിന് തലേദിവസം നീനുവും ചാക്കോയും, കെവിനും കോടതിയില്‍ എത്തിയപ്പോള്‍ എസ്.ഐ കെവിനെ വിട്ട് ചാക്കോക്കൊപ്പം പോകാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ കെവിനൊപ്പം പോകാനാണ് തനിക്ക് താല്‍പര്യം എന്ന് പറഞ്ഞപ്പോള്‍ എസ്. ഐ കെവിനെ പിടിച്ചു തള്ളിയെന്നും നീനു കോടതിയില്‍ പറഞ്ഞു.