Culture

ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന പരസ്യം ആളുകളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നു; മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ്

By chandrika

August 04, 2018

കോഴിക്കോട്: വസ്ത്രവ്യാപാരസ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ചതിന് മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ് അയച്ചതായി സംസ്ഥാനഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് പറഞ്ഞു. പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തിന്റെ എം.ഡിക്കും നോട്ടീസ് അയച്ചതായും ശോഭന അറിയിച്ചു.

ഖാദി തുണിത്തരങ്ങള്‍ മാത്രമാണ് ചര്‍ക്ക ഉപയോഗിച്ച് നിര്‍മ്മിക്കുന്നത്. ഖാദിയുമായോ ചര്‍ക്കയുമായോ യാതൊരു ബന്ധവുമില്ലാത്ത അത്തരത്തിലുള്ള പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് ആളുകളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുമെന്നും ചര്‍ക്ക ദേശീയതയുടെ അടയാളം കൂടിയാണെന്നും അവര്‍ പറഞ്ഞു.

പരസ്യത്തിൽനിന്നു മോഹന്‍ലാല്‍ പിന്മാറിയില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും ശോഭന പറഞ്ഞു. ഖാദിയെന്ന പേരില്‍ വ്യാജതുണിത്തരങ്ങള്‍ വിപണിയില്‍ സജീവമാവുന്ന സാഹചര്യത്തില്‍ ഇത്തരം പരസ്യങ്ങളെ വിലക്കണമെന്നും ശോഭന ജോര്‍ജ് ആവശ്യപ്പെട്ടു.