india

ലണ്ടനില്‍ എസ് ജയശങ്കറിന് നേരെ ഖലിസ്ഥാന്‍ വാദികളുടെ പ്രതിഷേധം; കാറിന് നേരെ പാഞ്ഞടുത്തു

By nazmiya nazreen

March 06, 2025

യു.കെയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ഖലിസ്ഥാന്‍ വാദികളുടെ പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിന് നേരെ ഖലിസ്ഥാന്‍ വാദികള്‍ പാഞ്ഞടുത്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടു തടയുകയായിരുന്നു. ലണ്ടനിലെ സ്വതന്ത്ര നയസ്ഥാപനമായ ചതം ഹൗസില്‍ നടത്തിയ ചര്‍ച്ച കഴിഞ്ഞ്പു റത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. മറ്റു പ്രശ്‌നങ്ങളില്ലാത്തതിനാല്‍ മന്ത്രി യാത്ര തുടര്‍ന്നു.

ലണ്ടന്‍ പൊലീസ് നോക്കിനില്‍ക്കെ, ജയ്ശങ്കറിനെതിരെ പ്രതിഷേധവുമായി ഒട്ടേറെ ഖലിസ്ഥാനികളാണു പതാകയേന്തി മുദ്രാവാക്യം വിളിച്ചു നിന്നിരുന്നത്. ജയ്ശങ്കര്‍ കാറില്‍ കയറാന്‍ എത്തിയതോടെ, അജ്ഞാതനായ ഒരാള്‍ എസ് ജയ്ശങ്കറിന്റെ കാറിന് നേരെ പാഞ്ഞടുക്കുന്നതും തുടര്‍ന്ന് ഇന്ത്യ പതാക കീറിയെറിയുകയുമായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം സംഭവത്തെ ഇന്ത്യ അപലപിച്ചു. മാര്‍ച്ച് നാലു മുതല്‍ ഒമ്പതുവരെ യു.കെയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയതാണ് ജയ്ശങ്കര്‍. വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധ സഹകരണം എന്നീ മേഖലകളില്‍ ഇന്ത്യ-യുകെ സമഗ്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനാണ് യാത്ര. യുകെയില്‍നിന്നു അദ്ദേഹം അയര്‍ലന്‍ഡിലേക്കു പോകും.