kerala

മുംബൈയില്‍ കുട്ടികളെ ബന്ദികളാക്കിയ സംഭവം; പ്രതി രോഹിത് ആര്യ കൊല്ലപ്പെട്ടു

By webdesk18

October 30, 2025

മുംബൈയില്‍ കുട്ടികളെ ബന്ദികളാക്കിയ സംഭവത്തിലെ പ്രതി രോഹിത് ആര്യ കൊല്ലപ്പെട്ടു. പൊലീസ് വെടിവെപ്പില്‍ ഇയാള്‍ക്ക് പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അഭിനയം പഠിപ്പിക്കുന്ന ആര്‍എ സ്റ്റുഡിയോയിലെ കുട്ടികളെയാണ് ജീവനക്കാരനായ രോഹിത് ആര്യ ബന്ദികളാക്കിയത്.

തനിക്ക് ചില ആളുകളോട് സംസാരിക്കാനുണ്ട് അതിന് അവസരമൊരുക്കണം എന്നായിരുന്നു ഇയാളുടെ ആവശ്യം. തടയാന്‍ ശ്രമിച്ചാല്‍ കുട്ടികളെ കൊല്ലുമെന്നും കെട്ടിടത്തിന് തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്നും രോഹിത് ആര്യ വീഡിയോ സന്ദേശത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നു.

നാടകീയ നീക്കങ്ങളിലൂടെ മണിക്കൂറുകള്‍ നീണ്ട കമാന്‍ഡോ ഓപ്പറേഷനിലാണ് കുട്ടികളെ മോചിപ്പിച്ചത്. കമാന്‍ഡോകളും ക്വിക് റെസ്‌പോണ്‍സ് ടീമും വാതില്‍ തകര്‍ത്ത് അകത്ത് കയറുകയായിരുന്നു. ഇതിനിടെ ഇയാള്‍ പൊലീസിനെതിരെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തു. പൊലീസ് തിരിച്ച് ഒരു റൗണ്ട് വെടിവെച്ചു. ഈ വെടിവെപ്പിലാണ് രോഹിതിന് പരിക്കേറ്റത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴാണ് രോഹിത് മരിച്ചത്.