ലോകത്ത് ക്രോണിക് കിഡ്‌നി ഡിസീസ് (CKD) അതിവേഗം വ്യാപിക്കുകയാണെന്ന് ലാന്‍സെറ്റ് ജേണലിന്റെ പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. 1990ല്‍ 378 ദശലക്ഷം പേര്‍ക്ക് ഈ രോഗബാധയുണ്ടായിരുന്നെങ്കില്‍, 2023ല്‍ അത് 788 ദശലക്ഷമായി ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങളൊന്നും പ്രകടമാകാത്തതിനാലാണ് ഈ രോഗം കൂടുതലായി ശ്രദ്ധിക്കപ്പെടാതെ പോകുന്നതും, പിന്നീട് ഗുരുതര അവസ്ഥയിലേക്ക് വഴിമാറുന്നതുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വൃക്കകള്‍ ശരീരത്തിലെ പാഴ്വസ്തുക്കളെയും അധികജലത്തെയും രക്തത്തില്‍ നിന്ന് അരിച്ചുമാറ്റുന്ന പ്രധാന അവയവങ്ങളാണ്. എന്നാല്‍ പ്രവര്‍ത്തനം സാവധാനം കുറഞ്ഞ് മലിനവസ്തുക്കളെ നീക്കം ചെയ്യാനാകാത്ത അവസ്ഥയാണ് ക്രോണിക് കിഡ്‌നി ഡിസീസ്. വൃക്കയ്ക്കുള്ളിലെ ഫില്‍റ്ററുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത്, പോളിസിസ്റ്റിക് കിഡ്‌നി പ്രശ്‌നങ്ങള്‍, വൃക്കക്കല്ല് മൂലമുള്ള തടസ്സങ്ങള്‍, പ്രമേഹവുമായി ബന്ധപ്പെട്ട നാഡീക്ഷതങ്ങള്‍ തുടങ്ങിയ പല കാരണങ്ങളും CKDയിലേക്ക് നയിച്ചേക്കാം. വര്‍ഷങ്ങളോളം നിശബ്ദമായി വളരുന്ന രോഗമായതിനാല്‍ പലര്‍ക്കും ഇത് തിരിച്ചറിയുന്നത് അവസാനംപ്പോഴാണ്. രോഗം മുന്നോട്ടുപോകുമ്പോള്‍ കാണപ്പെടുന്ന ലക്ഷണങ്ങളില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നല്‍, കൈകാലുകളിലും കണ്ണിനോടു ചുറ്റുമുള്ള വീക്കം, ശ്വാസതടസ്സം, ക്ഷീണം, വിശപ്പില്ലായ്മ, വരള്‍ച്ചയും ചൊറിച്ചിലുമുള്ള ചര്‍മ്മം, ഉറക്കക്കുറവ്, ഓക്കാനവും ഛര്‍ദിയും, അനാവശ്യമായ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ ഉള്‍പ്പെടുന്നു. പുരോഗമിച്ച ഘട്ടങ്ങളില്‍ വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണമായും നഷ്ടപ്പെടാന്‍ വരെ ഈ രോഗം എത്തിച്ചേരാമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. ക്രോണിക് കിഡ്‌നി ഡിസീസ് പൂര്‍ണ്ണമായും സുഖപ്പെടുത്താനാകുന്ന ഒന്നല്ലെങ്കിലും, സമയംനഷ്ടമാക്കാതെ പരിശോധന നടത്തുകയും തുടക്കഘട്ടങ്ങളില്‍ ചികിത്സ ആരംഭിക്കുകയും ചെയ്താല്‍ രോഗത്തെ നിയന്ത്രണത്തില്‍ നിര്‍ത്താനാകുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. നിരീക്ഷണം, ആരോഗ്യകരമായ ഭക്ഷണം, ജീവിതശൈലി മാറ്റങ്ങള്‍, സ്ഥിരമായ മെഡിക്കല്‍ പരിശോധനകള്‍ എന്നിവ വഴിയാണ് വൃക്കാരോഗ്യത്തെ സംരക്ഷിക്കാനാകുക. ലോകത്ത് വേഗത്തില്‍ ഉയര്‍ന്നുവരുന്ന വൃക്കരോഗ നിരക്കിനെക്കുറിച്ച് സമൂഹം ജാഗ്രത പാലിക്കണം എന്നതും പഠനം വ്യക്തമാക്കുന്നു.