സോള്‍: ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിമ്പിക്‌സ് ലക്ഷ്യമിടുന്നത് കൊറിയന്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള വൈര്യത്തിന്റെ കനല്‍ കെടുത്തുകയാണ്. ഉത്തര കൊറിയ-ദക്ഷിണ കൊറിയ തമ്മിലുള്ള ഭിന്നത മറയ്ക്കാന്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ദക്ഷിണ കൊറിയയിലെത്തി. ഈ സന്ദര്‍ശനത്തോടെ ശൈത്യകാല ഒളിമ്പിക്‌സില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാകുമെന്നാണ് പ്രതീക്ഷ.

ശൈത്യകാല ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിനായാണ് കിം യോ ജോങ് എത്തിയത്. 1950-53 കാലഘട്ടത്തിലെ കൊറിയ യുദ്ധത്തിന് ശേഷം ആദ്യമായാണ് ഉത്തര കൊറിയയില്‍ ഭരണം നടത്തുന്ന കുടുംബത്തിലെ അംഗം ദക്ഷിണ കൊറിയയില്‍ സന്ദര്‍ശനം നടത്തുന്നത്. ഒളിമ്പിക്‌സ് സന്ദര്‍ശനം കൂടാതെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും.

ഉത്തര കൊറിയന്‍ രാഷ്ട്രത്തലവന്റെ പദവിയുള്ള കിം യോഗ് നാം നയിക്കുന്ന 22 അംഗ സംഘത്തിന്റെ കൂടെയാണ് കിം യോ ജോങ് എത്തിയത്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മുണ്‍ ജെ ഉന്നുമായി ഇന്ന് കിം ചര്‍ച്ച നടത്തും. പ്രസിഡന്റിന്റെ വസതിയില്‍ വച്ചാണ് കൂടികാഴ്ച്ച. നാഷണല്‍ സ്‌പോര്‍ട്‌സ് ഗൈഡന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ചോ ഹി, ആഭ്യന്തര കാര്യമന്ത്രാലയം പ്രതിനിധി റി സണ്‍ ഗോണ്‍ എന്നിവരും സംഘത്തിലുണ്ട്. ഉത്തര കൊറിയന്‍ അത്‌ലറ്റുകളും ഉദ്യോഗസ്ഥരും അടക്കം നൂറുകണക്കിന് ഉത്തര കൊറിയക്കാരാണ് വിന്റര്‍ ഒളിമ്പിക്‌സിനായി അതിര്‍ത്തി കടന്ന് ദക്ഷിണ കൊറിയയില്‍ എത്തിയത്. ശൈത്യകാല ഒളിമ്പിക്‌സിന്റെ തുടക്ക പരിപാടിയില്‍ ഇരുരാജ്യങ്ങളും ഐക്യ പതാകയാണ് പാറിച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ വര്‍ഷങ്ങളായുള്ള വൈര്യം ശൈത്യകാല ഒളിമ്പിക്‌സോടെ ഉരുകിത്തീരുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ കുറെ മാസങ്ങളായി ഇരുരാജ്യങ്ങളും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഒരുക്കമാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ശൈത്യകാല ഒളിമ്പിക്‌സില്‍ ഉത്തര കൊറിയയില്‍ നിന്നുള്ള ഭരണകൂടത്തിലെ പ്രതിനിധി പങ്കെടുത്തതും. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും എത്തിച്ചേര്‍ന്നിട്ടുണ്ട്. ഉത്തര കൊറിയയുടെ ഭീഷണി നേരിടാന്‍ ജപ്പാനും യുഎസും ദക്ഷിണ കൊറിയയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ആബെ വ്യക്തമാക്കി. 25ന് ഒളിമ്പിക്‌സ് സമാപിക്കും.