തമിഴക രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച നടൻ വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ സംബന്ധിച്ച വിവാദത്തിൽ, ചിത്രത്തിന് പരോക്ഷ പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്തെത്തി. സെൻസർ ബോർഡിനെ കേന്ദ്ര സർക്കാർ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് ആരോപിച്ച സ്റ്റാലിൻ, ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. എക്‌സിലൂടെയായിരുന്നു പ്രതികരണം. എന്നാൽ വിജയ്‌യുടേയോ ജനനായകൻ എന്ന ചിത്രത്തിന്റേയോ പേര് സ്റ്റാലിൻ പരാമർശിച്ചില്ല.
“സിബിഐ, ഇഡി, ഇൻകം ടാക്സ് എന്നിവ പോലെ തന്നെ ഇപ്പോൾ സെൻസർ ബോർഡിനെയും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ആയുധമാക്കിയിരിക്കുകയാണ്. ഇത് ശക്തമായി അപലപിക്കുന്നു” എന്നാണ് സ്റ്റാലിൻ തമിഴിൽ എക്‌സിൽ കുറിച്ചത്.
സ്വന്തമായി പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്ക് കടന്ന വിജയ്, തന്റെ പ്രധാന രാഷ്ട്രീയ എതിരാളിയായി സ്റ്റാലിനെയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൊതുയോഗങ്ങളിലും പ്രസംഗങ്ങളിലും വിജയ് സ്റ്റാലിനെയും ഡിഎംകെയെയുംതിരെ കടുത്ത വിമർശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ ട്വീറ്റ് രാഷ്ട്രീയമായി ശ്രദ്ധേയമാകുന്നത്.
ജനനായകൻ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു. എന്നാൽ പിന്നീട് ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയും ചിത്രത്തിന്റെ റിലീസ് താത്കാലികമായി തടയുകയും ചെയ്തു. പൊങ്കൽ അവധിക്ക് ശേഷമാണ് കേസ് വീണ്ടും പരിഗണിക്കുക. ഇതോടെ ജനനായകൻ പൊങ്കൽ റിലീസായി എത്തില്ലെന്ന് വ്യക്തമായി.
സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതോടെയാണ് ചിത്രം വിവാദത്തിലായത്. ഏകദേശം ഒരു മാസം മുൻപേ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) മുമ്പാകെ ചിത്രം സമർപ്പിച്ചിരുന്നെങ്കിലും, സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ തിരുത്തലുകൾ വേണമെന്നായിരുന്നു ബോർഡിന്റെ നിർദേശം. ഇതോടെയാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്.