india

കര്‍ഷക സമരത്തില്‍ പങ്കെടുത്ത വയോധികയെ അധിക്ഷേപിച്ച കേസ്; കങ്കണ റണാവത്ത് നേരിട്ട് ഹാജരാകണം

By sreenitha

January 08, 2026

ചണ്ഡീഗഢ്: 2020-21 ലെ കര്‍ഷക സമരത്തില്‍ പങ്കെടുത്ത 73കാരിയെ അധിക്ഷേപിച്ച കേസില്‍ ബി.ജെ.പി മാണ്ഡി എം.പി കൂടിയായ നടി കങ്കണ റണാവത്തിന്റെ വ്യക്തിപര ഹാജരില്‍ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ കോടതി തള്ളി. ജനുവരി 15ന് നടക്കുന്ന അടുത്ത വാദത്തില്‍ കങ്കണ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രത്യേകമായ ന്യായാധിപ ഉത്തരവുണ്ടെങ്കില്‍ മാത്രമേ ഇളവ് അനുവദിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി.

കങ്കണയുടെ തുടര്‍ച്ചയായ അഭാവം ഗൗരവമായി കാണുന്നുവെന്നും, ഹാജരാകാതിരിക്കാന്‍ വ്യക്തവും വിശ്വസനീയവുമായ കാരണങ്ങള്‍ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. 2021ല്‍ ബഷഹീന്‍ ബാഗില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് മഹീന്ദര്‍ കൗറിനെ ‘ബില്‍ക്കീസ്ബാനു’ എന്ന് തെറ്റായി ചിത്രീകരിച്ച് എക്‌സില്‍ കങ്കണ പോസ്റ്റിട്ടതും അതുവഴി അപകീര്‍ത്തിപ്പെടുത്തിയതുമാണ് കേസിന് ആധാരം.

കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ സ്ത്രീകളെ 100 രൂപ നല്‍കി കൊണ്ടുവന്നതാണെന്ന് കങ്കണ ആരോപിച്ചതായും പരാതിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങള്‍ക്കുശേഷം ചണ്ഡീഗഢ് വിമാനത്താവളത്തില്‍ സുരക്ഷ പരിശോധനയ്ക്കിടെ സി.ഐ.എസ്.എഫ് വനിതാ കോണ്‍സ്റ്റബിള്‍ കങ്കണയെ മര്‍ദിച്ച സംഭവവും നേരത്തെ ശ്രദ്ധ നേടിയിരുന്നു.

തിങ്കളാഴ്ച നടന്ന വിചാരണയില്‍ കങ്കണ ഹാജരായിരുന്നില്ല. മുംബൈയിലെ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളാണ് ഹാജരാകാന്‍ കഴിയാതിരുന്നതിന്റെ കാരണമെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഇത് തുടര്‍ച്ചയായ നാലാമത്തെ ഇളവ് അപേക്ഷയാണെന്നും കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്നുമാണ് പരാതിക്കാരിയുടെ വാദം.

മുമ്പ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ് ഹാജരാകാതിര??? കാരണം പറഞ്ഞതെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ജനുവരി 5ന് സമര്‍പ്പിച്ച പുതിയ അപേക്ഷയില്‍ മുംബൈ സന്ദര്‍ശനമാണെന്ന് പറയുകയും, അതിനെ പിന്തുണയ്ക്കുന്ന രേഖകളോ ഷെഡ്യൂളോ ഹാജരാക്കാതിരിക്കുകയും ചെയ്തതായി കോടതി വ്യക്തമാക്കി.

വിശ്വസനീയമായ രേഖകളില്ലാതെ ഇളവ് അനുവദിക്കാനാകില്ലെന്നും, വ്യക്തിപര ഹാജരില്‍ നിന്ന് ഒഴിവാക്കല്‍ വിവേചനാധികാരപരമായ ഇളവായതിനാല്‍ ക്രിമിനല്‍ കേസുകളില്‍ അതീവ സൂക്ഷ്മത ആവശ്യമാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.