കണ്ണൂര്‍: തനിക്ക് വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി മുസ്‌ലിംലീഗ് നേതാവ് കെ.എം ഷാജി എംഎല്‍എ. വധശ്രമ ഗൂഢാലോചന വിവരം കിട്ടിയതായി കെ. എം ഷാജി അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.എം ഷാജി പൊലീസില്‍ പരാതി നല്‍കി.

നിലപാടുകളുടെ പേരിലാണ് ഭീഷണിയെന്ന് ഷാജി പറഞ്ഞു. കണ്ണൂരിലെ പാപ്പിനിശേരി ഗ്രാമത്തില്‍ നിന്നാണ് ഗൂഢാലോചന. ഓഡിയോ ക്ലിപ്പില്‍ വധ ഗൂഢാലോചന വ്യക്തമായിട്ടുണ്ട്. സംസാരിക്കുന്ന ആളുകള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ട്. ടി. പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ഒളിപ്പിച്ചവര്‍ക്ക് ഇതുമായി ബന്ധമുണ്ടെന്ന് കരുതുന്നു. ബോംബെ ബന്ധമുള്ള പാപ്പിനിശേരിക്കാരന്‍ ആണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് അറിയുന്നത്. 25 ലക്ഷം രൂപയ്ക്ക് ബോംബെ അധോലോക സംഘത്തിന് ക്വട്ടേഷന്‍ ഉറപ്പിച്ച ഓഡിയോ ക്ലിപ്പ് ഉടന്‍ പുറത്തുവിടുമെന്ന് ഷാജി അറിയിച്ചു.

വധഭീഷണിക്ക് പിന്നില്‍ സിപിഐഎം ആണെന്ന് പറയുന്നില്ല. ഓഡിയോ അടക്കം മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെ നേരില്‍ കണ്ടുവെന്നും കെ. എം ഷാജി പറഞ്ഞു.