തിരുവനന്തപുരം: മറ്റു മതങ്ങള്‍ വെറുക്കപ്പെടേണ്ടവയാണെന്ന് പ്രചരിപ്പിക്കുന്നവരെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തണമെന്നും മതസഹിഷ്ണുതക്ക് പേരുകേട്ട കേരളത്തിലെ ഇത്തരത്തിലുള്ള നടപടികളെ ഗൗരവമായി തന്നെയാണ് സര്‍ക്കാര്‍ നിരീക്ഷിക്കുന്നതെന്നും നിയമസഭയില്‍ കെ.എം ഷാജിയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ നാലു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാലുടന്‍ തന്നെ പൊലീസ് കാര്യക്ഷമമായി ഇടപെട്ട് തുടര്‍ന്ന് ഉണ്ടാകാന്‍ സാധ്യതയുളള പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് പരമാവധി ശ്രമങ്ങള്‍ നടത്താറുണ്ട്.

മതസൗഹാര്‍ദ്ദം വളര്‍ത്തുന്നതിനും ജാതിമതവര്‍ഗലിംഗ ഭേദമന്യേ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സമീപകാലത്തെങ്ങുമില്ലാത്തവിധം കേരളത്തിലെ ബഹുസ്വരസമൂഹത്തില്‍ വര്‍ഗീയധ്രുവീകരണത്തിനുള്ള പരിശ്രമങ്ങള്‍ നടന്നുവരികയാണെന്ന് കെ.എം ഷാജി സബ്മിഷനിലൂടെ ചൂണ്ടിക്കാട്ടി. ശക്തമായ രാഷ്ട്രീയതരംഗമുള്ളതിനാല്‍ വര്‍ഗീയതയെ മറികടക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. സമീപകാലത്ത് മതവിദ്വേഷപ്രസംഗങ്ങളും എഴുത്തുകളും പ്രയോഗങ്ങളും വ്യാപകമാവുകയാണ്.

മുന്നിലിരുന്ന് കൈയടിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന മതഭ്രാന്തന്‍മാരായ അനുയായികള്‍ക്കായി മറ്റ് മതങ്ങളെ അപമാനിക്കാനും അപഹസിക്കാനും ഇത്തരക്കാര്‍ക്ക് ഒരു മടിയുമില്ലാതാവുകയാണ്. ഓണത്തിനും പെരുന്നാളിനും ക്രിസ്മസിനുമൊക്കെ മറ്റ് മതസ്ഥര്‍ പുറത്തിറങ്ങരുതെന്ന മട്ടില്‍ ഓരോ സമുദായത്തെയും ഒരോ അറയില്‍ അടച്ചുപൂട്ടുകയാണ്. ഇത്തരക്കാരുടെ സാമ്പത്തിക ഉറവിടം ശക്തമായ അന്വേഷണത്തിന് വിധേയമാക്കണമെന്നും ഷാജി പറഞ്ഞു. ഇത്തരം വര്‍ഗീയഫാസിസ്റ്റുകള്‍ക്കെതിരേ നടപടിയെടുക്കുമ്പോഴും സൂക്ഷ്മത പാലിക്കണം. പ്രാസംഗികനായ ഷംസുദ്ദീന്‍ പാലത്തിനെതിരേ യു.എ.പി.എ ചുമത്തി കേസെടുക്കുകയുണ്ടായി. ശശികല ടീച്ചര്‍ക്കെതിരേയുള്ള പരാതിയില്‍ കേസെടുത്തെങ്കിലും യു.എ.പി.എ ചുമത്തിയില്ല. ഇത് വ്യാപകമായ തെറ്റായ പ്രചാരണങ്ങള്‍ക്കിടയാക്കുകയാണ്.

ഫാസിസ്റ്റ് മനോഭാവമുള്ള കേന്ദ്രസര്‍ക്കാരിന്റെ യു.എ.പി.എ പോലുള്ള നിയമങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിക്കുമേല്‍ കുതിരകയറാന്‍ വരുമ്പോള്‍ സൂക്ഷിക്കേണ്ടതായുണ്ട്. ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ യു.എ.പി.എ പോലുള്ള ഫാസിസ്റ്റ് നിയമങ്ങള്‍ ഉപയോഗിക്കുകയാണ്. വര്‍ഗീയ തീവ്രവാദികളോടുള്ള മുഖ്യമന്ത്രിയുടെ നിലപാട് മതേതരകേരളം വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടിട്ടുള്ളത്. നാടിനെ തകര്‍ക്കാന്‍ വരുന്ന ഇത്തരം ശക്തികള്‍ക്കെതിരേ നടപടിയുണ്ടാവണമെന്നും ഷാജി ആവശ്യപ്പെട്ടു.