kerala

കൊച്ചി കോര്‍പ്പറേഷന്‍ കൈക്കൂലിക്കേസ്; ബില്‍ഡിംഗ് ഇന്‍സ്‌പെക്ടറെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു

By webdesk17

May 05, 2025

കൈക്കൂലിക്കേസില്‍ അറസ്റ്റിലായ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ എ സ്വപ്നയെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ ദിവസം കൊച്ചി കോര്‍പ്പറേഷന്‍ ഇവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. കൊച്ചി മേയറിന്റെ നിര്‍ദേശപ്രകാരമാണ് സസ്പെന്‍ഷന്‍.

സ്വന്തം കാറില്‍വെച്ച് കൈക്കൂലിയായി 15,000 രൂപ വാങ്ങുമ്പോഴാണ് സ്വപ്നയെ വിജിലന്‍സ് പിടികൂടുന്നത്. ഇവരുടെ കാറില്‍ നിന്ന് 45,000 രൂപയും കണ്ടെത്തിയിരുന്നു.

മൂന്നു നില അപാര്‍ട്‌മെന്റിലെ 20 ഫ്‌ലാറ്റുകള്‍ക്കു നമ്പറിട്ടു നല്‍കാനായിരുന്നു സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്. ജനുവരിയില്‍ അപേക്ഷ നല്‍കിയ പരാതിക്കാരനോട് പല കാരണങ്ങള്‍ പറഞ്ഞ് നടപടി വൈകിപ്പിക്കുകയായിരുന്നു. ശേഷവും നമ്പര്‍ ലഭിക്കാതെ വന്നതോടെ ഒരു നിലക്ക് 5000 രൂപ വീതം 15,000 രൂപ ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്.

അതേസമയം, കൊച്ചി കോര്‍പ്പറേഷനില്‍ ഏറ്റവും കുറവ് കൈക്കൂലി വാങ്ങുന്നത് താനാണെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു.