Culture

വയല്‍ക്കിളി സമരം; സുരേഷ് കീഴാറ്റൂരിനെ ആക്രമിച്ചതിനു പിന്നില്‍ ആര്‍.എസ്.എസെന്ന് കോടിയേരി

By chandrika

March 22, 2018

കണ്ണൂര്‍: വയല്‍ക്കിളി സമരസമിതി പ്രവര്‍ത്തകന്‍ സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ ആര്‍.എസ്.എസെന്ന് സി.പി.എം. സമരത്തിന്റെ പേരില്‍ കലാപമുണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്ന് സി.പി.എം നേതാവ് എം.വി ഗോവിന്ദന്‍ പറഞ്ഞു. ആര്‍എസ്.എസ്, എസ്.ഡി.പി.ഐ, മാവോയിസ്റ്റ് പ്രവര്‍ത്തകരാണ് കീഴാറ്റൂരിലെ പ്രശ്‌നങ്ങള്‍ക്ക് മുന്നിലുളളതെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. സര്‍ക്കാറിനെതിരായ രാഷ്ട്രീയ കുതന്ത്രമാണിതെന്ന് കോടിയേരി പറഞ്ഞു. സമരത്തിന്റെ പേരു പറഞ്ഞ് കലാപമുണ്ടാക്കാനാണ് ആര്‍.എസ്.എസിന്റെ ശ്രമം. ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ, മാവോയിസ്റ്റ് എന്നിവരാണ് കീഴാറ്റൂരില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും കോടിയേരി പറഞ്ഞു.

സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അതിനെ ചെറുക്കും. കീഴാറ്റൂരില്‍ സ്ഥലം വിട്ടുകൊടുക്കാന്‍ തയാറായവരെപ്പോലും പിന്തിരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ബൈപാസിന് അലൈന്‍മെന്റ് തീരുമാനിച്ചത് ഹൈവേ അതോറിറ്റിയാണ്. ഇതിന് ഭൂമി ഏറ്റെടുത്തു നല്‍കുക എന്ന ഉത്തരവാദിത്വം മാത്രമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച രാത്രിയോടെയാണ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം വീടിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. അതേസമയം, സന്തോഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ചിട്ടില്ലെന്ന് ബി.ജെ.പി പറഞ്ഞു. സമരത്തിനൊപ്പമാണെന്നും ബി.ജെ.പി വ്യക്തമാക്കി.