ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മികച്ച നേട്ടം. പരമ്പരയില്‍ വിരാട് കോലി സെഞ്ചുറി നേടി. 102 പന്തില്‍ നിന്നായിരുന്നു കോലിയുടെ 52ാം സെഞ്ചുറി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണറായ യശസ്വി ജയ്‌സ്വാള്‍ 18 റണ്‍സില്‍ തന്നെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്നോട്ടു നയിച്ചു. പത്തോവര്‍ അവസാനിക്കുമ്പോള്‍ 801 എന്ന നിലയിലായിരുന്നു ടീം. എന്നാല്‍ അടുത്ത പത്തോവറില്‍ ഇരുവരും അടിച്ചുകളിക്കുന്നതാണ് റാഞ്ചിയില്‍ കണ്ടത്. അതോടെ ഇന്ത്യ 20 ഓവറില്‍ 153 ലെത്തുകയും, രോഹിത്തും വിരാടും അര്‍ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു.
ടീം സ്‌കോര്‍ 161 ല്‍ നില്‍ക്കേ രോഹിത്തിനെ പുറത്താക്കി. ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ യാന്‍സന്‍ ആണ് രോഹിത്തിനെ പുറത്താക്കിയത്. 51 പന്തില്‍ 57 റണ്‍സെടുത്താണ് താരം പുറത്തായത്. അഞ്ചുഫോറുകളും മൂന്ന് സിക്‌സറുമടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. പിന്നാലെ നാലാമനായി ഇറങ്ങിയ ഋതുരാജ് ഗെയ്ക്വാദും വാഷിങ്ടണ്‍ സുന്ദറും നിരാശപ്പെടുത്തി. എട്ടുറണ്‍സ് മാത്രമാണ് ഗെയ്ക്വാദിന്റെ സമ്പാദ്യം. സുന്ദര്‍ 13 റണ്‍സെടുത്ത് പുറത്തായി. ടീം 200 കടത്തിയ കോലി വൈകാതെ സെഞ്ചുറിയും തികച്ചു.