മുംബൈ: ന്യൂസിലാന്റിനെതിരായ ഏകദിനത്തിലെ സെഞ്ച്വറിയോടെ വിരാട് കോഹ്‌ലി പിന്നിട്ടത് അപൂര്‍വ നാഴികക്കല്ല്. ഏറ്റവുമധികം ഏകദിന സെഞ്ച്വറികളുടെ കണക്കില്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം റിക്കി പോണ്ടിങ്ങിനെ പിറകിലാക്കിയാണ് ഇന്ത്യന്‍ നായകന്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഇനി മുന്നിലുള്ളത് 49 ശതകങ്ങള്‍ സ്വന്തമായുള്ള സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രം.

കോഹ്‌ലിയുടെ അവിശ്വസനീയമായ സ്ഥിരതയെ പ്രശംസിച്ച മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍ പറയുന്നത് അടുത്ത 9-10 വര്‍ഷങ്ങള്‍ കൂടി കോഹ്‌ലിക്ക് ഈ ഫോമില്‍ കളിക്കാനാവുമെന്നും ആകാശം മാത്രമാണ് താരത്തിനു മുന്നില്‍ അതിര്‍ത്തിയായുള്ളത് എന്നുമാണ്.

 

200 ഏകദിനങ്ങളില്‍ 31 സെഞ്ച്വറി കുറിച്ച കോഹ്‌ലി ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ബാറ്റ്‌സ്മാനുമായി. പ്രായവും നിലവിലെ ഫോമും പരിഗണിക്കുമ്പോള്‍ കോഹ്‌ലി സച്ചിനെ പിന്തള്ളുമെന്ന് വിശ്വസിക്കാന്‍ കാരണങ്ങളേറെയാണ്. 158 മത്സരങ്ങളില്‍ നിന്ന് 26 സെഞ്ച്വറിയുള്ള ഹാഷിം അംല കോഹ്‌ലിക്ക് പിന്നാലെയുണ്ടെങ്കിലും 34-കാരനായ അംലയേക്കാള്‍ 28 വയസ്സുള്ള കോഹ്‌ലിക്ക് പ്രായത്തിന്റെ ആനുകൂല്യമുണ്ട്.

200-ാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയത് ഇതിനു മുമ്പ് ദക്ഷിണാഫ്രിക്കന്‍ താരം എ.ബി ഡിവില്ലിയേഴ്‌സ് മാത്രമാണ്. 215 മത്സരങ്ങളില്‍ നിന്ന് 25 സെഞ്ച്വറികളാണ് എ.ബിയുടെ പേരിലുള്ളത്. 101.2 സ്‌ട്രൈക്ക് റേറ്റ് ഉള്ള ഡിവില്ലിയേഴ്‌സ് ആ കണക്കില്‍ മാത്രം കോഹ്‌ലിയേക്കാള്‍ (91.54) മുന്നിലാണ്. ശരാശരിയില്‍ കോഹ്‌ലി (55.55) നിലവില്‍ കളിക്കളത്തിലുള്ളമറ്റാരേക്കാളും മുമ്പിലാണ്.