ദില്ലി: കൊല്‍ക്കത്തയില്‍ നടക്കാനിരുന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പരിപാടിക്ക് ബംഗാള്‍ സര്‍ക്കാര്‍ വേദി നിഷേധിച്ചു. ഒക്ടോബര്‍ 3ന് സര്‍ക്കാര്‍ ഓഡിറ്റോറിയത്തില്‍ നടക്കാനിരുന്ന സെമിനാറിനാണ് വേദി നിഷേധിച്ചത്. സിസ്റ്റര്‍ നിവേദിത മിഷന്‍ ഒക്ടോബര്‍ മൂന്നിന് നടത്തുന്ന ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ സിസ്റ്റര്‍ നിവേദിതയുടെ പങ്കെന്ന പരിപാടിക്കായിട്ടായിരുന്നു സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ഓഡിറ്റോറിയം ബുക്ക് ചെയ്തിരുന്നത്. ഇതോടെ പശ്ചിമ ബംഗാളില്‍ ആര്‍എസ്എസുമായുളള മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പോര് മുറുകും.

വിജയദശമിയും മുഹറവും അടുത്തടുത്ത ദിവസങ്ങളില്‍ വരുന്നതോടെയുളള സുരക്ഷാ ക്രമീകരണങ്ങള്‍ പരിഗണിച്ചാണ് ഓഡിറ്റോറിയത്തിന്റെ ബുക്കിങ് സര്‍ക്കാര്‍ റദ്ദാക്കിയതെന്നാണ് അറിയാന്‍ കഴിയുന്നത്. ഈ സാഹചര്യത്തില്‍ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ഭാഗവതിന്റെ സന്ദര്‍ശനവും പ്രസംഗവും കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് വഴിതിരിച്ചേക്കുമെന്ന ആശങ്കയും ബംഗാള്‍ സര്‍ക്കാരിനുണ്ട്. 2016ല്‍ മുഹറംവിജയദശമി ദിവസങ്ങളിലായി ബംഗാളിലെ പല ജില്ലകളിലായി ഹിന്ദുമുസ്ലിം വര്‍ഗീയ കലാപങ്ങള്‍ നടന്നിരുന്നു. അതേസമയം ആയുധപൂജ അടക്കമുളള പരിപാടികളുമായി ഇത്തവണയും മുന്നോട്ട് പോകാന്‍ തന്നെയാണ് ആര്‍എസ്എസ് തീരുമാനം. കഴിഞ്ഞ ജനുവരിയിലും കൊല്‍ക്കത്തയില്‍ റാലി നടത്താനുളള അനുമതി മോഹന്‍ ഭാഗവതിന് ബംഗാള്‍ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.