കൊല്‍ക്കത്ത: മകന് നേരെ എറിയാന്‍ കരുതിയ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് അറുപത്തഞ്ചുകാരന്‍ മരിച്ചു. പശ്ചിമബംഗാളിലെ കാശിപുര്‍ റോഡില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം നടന്നത്.സ്‌ഫോടനത്തില്‍ മകനും പരിക്കേറ്റു.

ഷെയ്ഖ് മത്‌ലബ് സ്ഥിരമായി മദ്യപിച്ച് എത്തിയിരുന്നതിനെ തുടര്‍ന്ന് വീട്ടില്‍ കലഹം പതിവായിരുന്നു. ഫാക്ടറിത്തൊഴിലാളിയായ മകന്‍ ഷെയ്ഖ് നസീര്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം മദ്യലഹരിയിലായിരുന്ന മത്‌ലബുമായി തര്‍ക്കമുണ്ടായതായി അയല്‍വാസികള്‍ അറിയിച്ചു.

വഴക്ക് മൂര്‍ച്ഛിച്ചതോടെ മകനെ ആക്രമിക്കാന്‍ നാടന്‍ ബോംബുമായെത്തിയ മത്‌ലബിനെ തടയാന്‍ നസീര്‍ ശ്രമിച്ചെങ്കിലും താഴെ വീണ് പൊട്ടുകയായിരുന്നു. സ്‌ഫോടനത്തില്‍ ഇരുവര്‍ക്കും പരിക്കേറ്റു. പൊട്ടിത്തെറിശബ്ദം കേട്ടെത്തിയ അയല്‍വാസികള്‍ ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെയെത്തുന്നതിന് മുമ്പ് തന്നെ മത്‌ലബ് മരിച്ചിരുന്നു.