kerala

കൊല്ലത്ത് ഡിവൈഎഫ്‌ഐ നേതാവ് എംഡിഎംഎയുമായി പിടിയില്‍

By webdesk18

April 24, 2025

കൊല്ലത്ത് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവ് പിടിയില്‍. കൊട്ടാരക്കര കരവാളൂര്‍ വെസ്റ്റ് മേഖലാ സെക്രട്ടറി മുഹ്‌സിന്‍ ആണ് പിടിയിലായത്. ഇയാളുടെ കൈയില്‍ നിന്ന് 20.144 ഗ്രാം എംഡിഎംഎ കണ്ടെത്തി. രക്ഷപ്പെട്ട മൂന്ന് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം റൂറല്‍ പൊലീസാണ് പരിശോധന നടത്തിയത്. കൊട്ടാരക്കര പൊലീസും റൂറല്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് എംഡിഎംഎ പിടികൂടിയത്. ഇന്നലെ രാത്രി കൊട്ടാരക്കര ചിരട്ടക്കുളം കോക്കാട് റോഡില്‍ കാറില്‍ ഒരു സംഘം യുവാക്കളെത്തി മുഹ്‌സിന് എംഡിഎംഎ കൈമാറുകയായിരുന്നു. ഈ സമയം അവിടെ എത്തിയ പൊലീസിനെ കണ്ട് മൂന്ന് പ്രതികള്‍ കാറെടുത്ത് രക്ഷപ്പെട്ടു. ഇതിനിടെ രണ്ടു കവറുകളില്‍ സൂക്ഷിച്ചിരുന്ന എംഡിഎംഎ ഇവര്‍ റോഡിലേക്ക് എറിഞ്ഞു. ഇവരുടെ കൈയില്‍ നിന്ന് എംഡിഎംഎ വാങ്ങാന്‍ ബൈക്കില്‍ എത്തിയ മുഹ്‌സിനെ പൊലീസ് പിടികൂടി.

ഇയാളുടെ പക്കല്‍ നിന്നും 20 ഗ്രാമിലധികം എംഡി എം എ പിടിച്ചെടുത്തു. മുഹ്സിന്‍ SFI പുനലൂര്‍ ഏരിയ കമ്മിറ്റി മുന്‍ അംഗവുമായിരുന്നു. വെഞ്ചേമ്പ് മാത്ര സര്‍വീസ് സഹകരണ ബാങ്കിലെ വളം ഡിപ്പോ ജീവനക്കാരനുമാണ് പ്രതി. വില്‍പ്പനയ്ക്ക് വേണ്ടിയാണ് കാറില്‍ തൗഫീഖ്, ഫയാസ്, മിന്‍ഹാജ് എന്നിവര്‍ എംഡിഎംഎ എത്തിച്ചത് എന്ന് മുഹ്സിന്‍ പൊലീസിന് മൊഴി നല്‍കി.

രക്ഷപ്പെട്ടവരെ കണ്ടെത്താന്‍ ഉള്ള അന്വേഷണം തുടരുകയാണ്. പിടിയിലായ മുഹ്സിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രദേശത്ത് പൊലീസും ഡാന്‍സഫ് ടീമും പരിശോധനയും ശക്തമാക്കി. ഇവരുടെ കൈയില്‍ നിന്ന് എംഡിഎംഎ വാങ്ങിയവരെ കണ്ടെത്താനും പൊലീസ് അന്വേഷണം ആരംഭിച്ചു.