kerala

ആലപ്പുഴയിലെ 13കാരന്റെ ആത്മഹത്യ: മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ

By webdesk14

February 23, 2024

ആലപ്പുഴയിലെ 13കാരന്റെ ആത്മഹത്യയിൽ മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ. ചൈൽഡ് വെൽഫയർ കമ്മിറ്റി ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. പൊലീസ് സ്‌കൂളിലെ സഹപാഠികളുടെ മൊഴിയെടുത്തിരുന്നു. വിശദമായ അന്വേഷണത്തിന് എസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു. ആത്മഹത്യാ പ്രേരണ ഉണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും കമ്മീഷൻ അറിയിച്ചു.

കാട്ടൂർ ഹോളി ഫാമിലി വിസിറ്റേഷൻ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർഥിയും മനോജ്-മീര ദമ്പതികളുടെ മകനുമായ എഎം പ്രജിത്ത് കഴിഞ്ഞ 15 നാണ് വീട്ടിൽ തൂങ്ങിമരിച്ചത്. പിടി അധ്യാപകന്റെ ശിക്ഷാനടപടിയിൽ മനംനൊന്ത് ജീവനൊടുക്കിയെന്നാണ് ആരോപണം.

സ്‌കൂളിലെ അവസാന പിരീയഡിന് വൈകിയെത്തിയ പ്രജിത്തിനെയും മറ്റൊരു സഹപാഠിയെയും പിടി അധ്യാപകനായ ക്രിസ്തു ദാസ് ശാസിക്കുകയും ചൂരൽ കൊണ്ട് തല്ലുകയും ചെയ്തു എന്നാണ് സഹപാഠികൾ പറയുന്നത്. സ്‌കൂളിലെ ജനലിനോട് ചേർത്തുനിർത്തിയശേഷം കായികാധ്യാപകൻ ചൂരലുകൊണ്ട് മർദ്ദിച്ചതിനു പിന്നാലെയാണ് വിദ്യാർഥി വീട്ടിലെത്തി ജീവനൊടുക്കിയത്.