മോസ്‌കോ: ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിയായിരുന്നു ഇന്നലെ സംഭവിച്ചത്. ടൂര്‍ണമെന്റില്‍ പല അട്ടിമറികള്‍ നടന്നെങ്കിലും ഗ്ലാമര്‍ ടീമുകളെല്ലാം പ്രീക്വാര്‍ട്ടറിലേക്ക് കടന്നു കൂടിയിരുന്നു. എന്നാല്‍ നിലവിലെ ചാമ്പ്യന്‍മാരെന്ന ഖ്യാതിയുമായി റഷ്യന്‍ മണ്ണിലെത്തിയ
ജര്‍മനി കൊറിയയോട് തോറ്റ് ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നു തന്നെ പുറത്തായി. ഒരു തോല്‍വിയും ഒരു ജയവുമായി മൂന്നു പോയന്റോടെ ദക്ഷിണാ കൊറിയ നേരിട്ട ജര്‍മനി ജയിച്ച് അവസാന പതിനാറില്‍ ഇടംനേടാമെന്ന പ്രതീക്ഷയിലായിരുന്നു. അതേസമയം ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങള്‍ തോറ്റ കൊറിയക്ക് ജര്‍മനിയുമായുള്ളത് അഭിമാന പോരാട്ടമായിരുന്നു.

ജര്‍മനിയുടെ ആധിപത്യത്തോടെയായിരുന്നു കളി തുടങ്ങിയത്. ആദ്യ രണ്ട് മല്‍സരങ്ങളിലേത് പോലെ മികച്ച കളി കെട്ടഴിക്കാനയെങ്കിലും ലക്ഷ്യം കാണുന്നതിലെ പിഴവുകള്‍ ജര്‍മനിക്ക് ഇത്തവണ വലിയ വില തന്നെ നല്‍കേണ്ടിവന്നു. ഇഞ്ചുറി ടൈമില്‍ രണ്ടു തവണ ജര്‍മന്‍ വല കൊറിയന്‍ സംഘം കുലുക്കിയതോടെ ചാമ്പ്യന്‍മാരുടെ പതനം പൂര്‍ത്തിയായി. എണ്‍പതു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജര്‍മനി ലോകകപ്പിന്റെ ഗ്രൂപ്പ് ഘടത്തില്‍ നിന്നും പുറത്താവുന്നത്.

എന്നാല്‍ ദക്ഷിണ കൊറിയയെ ജര്‍മനിക്കെതിരേ റഷ്യന്‍ ലോകകപ്പിലെ ആശ്വാസ ജയത്തിനപ്പുറം ഒരു മധുര പ്രതികാരം കൂടിയായിരുന്നു. 2002ല്‍ ജപ്പാനും ദക്ഷിണ കൊറിയയും സംയുക്തമായി ആതിഥേയത്വം വഹിച്ച 17-ാമത് ഫിഫ ലോകകപ്പില്‍ കൊറിയയുടെ മുന്നേറ്റത്തിന് തടയിട്ടത് ജര്‍മനിയായിരുന്നു.

അന്ന് വമ്പന്‍മാരായ ഇറ്റലിയെ അടക്കം ഏവരെയും ഞെട്ടിച്ച് മുന്നേറിയ ദക്ഷിണ കൊറിയയെ സെമിഫൈനലില്‍ ഒലിവര്‍ ഖാന്റെ ജര്‍മനി ഒരുഗോളിന് തോല്‍പ്പിച്ച് പുറത്താക്കുകയായിരുന്നു. സ്വന്തം നാട്ടില്‍ ടീമിന്റെ കളികാണാന്‍ ഗ്യാലറിയില്‍ തടിച്ചു കൂടിയ കൊറിയക്കാരുടെ കണ്ണീരുനുള്ള മറുപടിയായിരുന്നു ഇന്നലെ സണ്‍ ഹ്യൂങ്-മിന്‍ നേതൃത്വത്തിലുള്ള കൊറിയ നല്‍കിയത്. അന്ന് സ്വന്തം കാണികള്‍ക്കു മുമ്പില്‍ നിരാശരായി കൂടാരം കയറിയത്തിന്റെ കറ ചരിത്രത്തിലാദ്യമായി ഒരു ഏഷ്യന്‍ ടീം ജര്‍മനിയെ വീഴ്ത്തിയെന്ന ഖ്യാതിയും ഒപ്പം എണ്ണം പറഞ്ഞ രണ്ടു ഗോളിന്റെ തകര്‍പ്പന്‍ ജയത്തോടെ വീട്ടി.