കൊച്ചി: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയന്‍ സുഹൃത്തിന്റെ മരണത്തില്‍ മനംനൊന്ത് എറണാകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. തിരുവാങ്കുളം മാമല കക്കാട് കിണറ്റിങ്കല്‍ വീട്ടില്‍ മഹേഷിന്റെ മകള്‍ ആദിത്യയാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ വീടിന് സമീപത്തെ ക്വാറിയിലെ വെള്ളക്കെട്ടിലാണ് ആദിത്യയുടെ മൃതദേഹം കണ്ടെടുത്തത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിദ്യാര്‍ത്ഥി മാനസികമായ വിഷമത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്. സംഭവസ്ഥലത്ത് നിന്നും പെണ്‍കുട്ടിയുടെ ബാഗും ആത്മഹത്യാക്കുറിപ്പും പോലീസിന് ലഭിച്ചു. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയന്‍ സുഹൃത്ത് മരിച്ചതില്‍ മനംനൊന്താണ് താന്‍ ജീവിതം അവസാനിപ്പിക്കുന്നത് എന്ന് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ചോറ്റാനിക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം പെണ്‍കുട്ടി സൂചിപ്പിച്ച ‘കൊറിയന്‍ യുവാവ്’ ആരാണെന്നും, ഇയാള്‍ യഥാര്‍ത്ഥത്തില്‍ മരിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും. ഓണ്‍ലൈന്‍ ലോകത്തെ വ്യാജവാര്‍ത്തകളോ പ്രൊഫൈലുകളോ ആണോ പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി പോലീസ് ശേഖരിച്ചു.